ആര്യനാട്: ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്നും ബസുകളുടെ കുറവ് കാരണം സർവീസുകൾ
റദ്ദാക്കുന്നു. ഇപ്പോൾ 22 സർവീസുകളാണ് ദിവസേന ഓപ്പറേറ്റ് ചെയ്യുന്നത്. 34 ബസുണ്ടായിരുന്ന ആര്യനാട്ട് ഇപ്പോൾ 24 ബസുകൾ മാത്രമേയുള്ളൂ.10 ബസുകൾ ആര്യനാട് നിന്നും നെയ്യാറ്റിൻകര, കാട്ടാക്കട ഡിപ്പോകളിൽ മാറ്റിയിട്ടു. ഇതിൽ നല്ലബസുകളും ഉണ്ട്. നിലവിലുള്ള 24 സർവിസുകൾ തുടങ്ങാൻ 24 ബസ് മാത്രമാണുള്ളത്. ഇതിൽരണ്ട് ബസുകൾ അറ്റകുറ്റപണികൾക്കായി ഗ്യാരേജിൽ കയറ്റി. ഇത്കാരണം വീണ്ടും രണ്ട്
സർവീസുകൾ കുറയും. ആദിവാസിമേഖലയിലേക്കുള്ള നിരവധി ബസ് കളാണ് കഴിഞ്ഞ ഒരു മാസമായി റദ്ദാക്കിയിരിക്കുന്നത് .
മെത്തോട്ടം, അരുവിയോട്, തെവിയാരുകുന്ന്, പറണ്ടോട്, സർവീസുകൾ ഇനിയും തുടങ്ങാത്തത്തിൽ ആദിവാസിമേഖലയിൽ കടുത്തയാത്രാക്ലേശം നിലനിൽക്കുന്നു. ദിനംപ്രതി3500 രൂപകളക്ഷൻ ഉണ്ടായിരുന്ന മെത്തോട്ടം, അരുവിയോട് സർവിസും തെവിയാരുകുന്ന്, മരങ്ങാട്, മെഡിക്കൽകോളേജ്സർവിസും, പറണ്ടോട്, മരങ്ങാട്, തിരുവനന്തപുരം സർവിസും നിറുത്തലാക്കിയിട്ടു ഒരുവർഷം കഴിഞ്ഞു. ഇവയെല്ലാം ആദിവാസി സെറ്റിൽമെന്റ് വഴിപോകുന്നവയാണ്.
2020 ജനുവരിയിലുണ്ടായിരുന്ന എല്ലാസർവീസുകളും തുടങ്ങണമെന്ന ചീഫ് ഓഫീസ് ഉത്തരവും ആര്യനാട്ട് ഇതേവരെ നടപ്പിലാക്കിയിട്ടില്ല. മറ്റ്ഡിപ്പോകളിലേയ്ക്ക് മാറ്റിയ ബസുകളിൽ അഞ്ചു ബസ്സെങ്കിലും അടിയന്തിരമായി തിരിച്ചു നൽകണമെന്നാണ് പൊതു ആവശ്യം.