തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ വിജയിക്കാൻ എല്ലാവരെയും യോജിപ്പിച്ച് നിറുത്തിയുള്ള സോഷ്യൽ എൻജിനീയറിംഗ് ആദ്യമായി വിജയകരമായി നടപ്പാക്കിയ ധിഷണാശാലിയായ നേതാവായിരുന്നു ലീഡർ കെ. കരുണാകരനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കരുണാകരന്റെ 103 -ാമത് ജന്മവാർഷികം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലീഡർ നടപ്പിലാക്കിയ സോഷ്യൽ എൻജിനീയറിംഗ് ഇന്ന് സമുദായിക പ്രീണനമായി മാറി. ശരിയായ സോഷ്യൽ ബാലൻസിംഗിലൂടെ ശരിയായ സ്ഥാനാർത്ഥികളെ കണ്ടെത്തി നന്നായി അദ്ധ്വാനിച്ചാൽ മാത്രമേ വിജയിക്കാനാവൂ.
കേരളത്തിൽ സി.പി.എമ്മിന്റെ ഭരണത്തുടർച്ച തടുത്തത് യു.ഡി.എഫ് എന്ന പൊളിറ്റിക്കൽ പ്ലാറ്റ്ഫോമായിരുന്നെന്ന് ലീഡർ തന്നോട്ട് പറഞ്ഞിട്ടുണ്ടെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. അതിൽ ഉൾപ്പെട്ട ഓരോ പാർട്ടിക്കും പ്രാധാന്യമുണ്ടെന്ന് തിരിച്ചറിഞ്ഞ നേതാവായിരുന്നു ലീഡർ. നിലവിലെ സാഹചര്യം മാറി കോൺഗ്രസിന് തിരിച്ചുവരാൻ കഴിയുമെന്നും അതിന് കഠിനാദ്ധ്വാനവും അർപ്പണമനോഭാവത്തോടെയുള്ള പ്രവർത്തനവും ആവശ്യമാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.

കെ. മുരളീധരൻ എം.പി അദ്ധ്യക്ഷത വഹിച്ചു. സർക്കാർ പണം ഉപയോഗിക്കാതെ നെടുമ്പാശേരി വിമാനത്താവളം യാഥാർത്ഥ്യമാക്കിയ കെ. കരുണാകരന്റെ പേര് വിമാനത്താവളത്തിന് നൽകാതെപോയതിന് പരിഹാരം ഉണ്ടാക്കേണ്ടതുണ്ടെന്ന് കെ. മുരളീധരൻ എം.പി പറഞ്ഞു. കെട്ടുറപ്പുള്ള സെമി കേഡർ പാർട്ടിയായി കോൺഗ്രസിനെ മാറ്റണമെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ അഭിപ്രായം പ്രാവർത്തികമാക്കണമെന്നും അദ്ദേഹം പറഞ്ഞു. എം. വിൻസെന്റ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, പീതാംബരക്കുറപ്പ്, വർക്കല കഹാർ, ശരത് ചന്ദ്രപ്രസാദ്, വട്ടിയൂർക്കാവ് രവി എന്നിവർ പങ്കെടുത്തു.