rat

വടകര: ലോക്ക്ഡൗൺ കാലത്ത് പല കടകളും അടച്ചുപൂട്ടിയപ്പോൾ സ്വൈര്യ വിഹാരം ഒരുങ്ങിയത് എലികൾക്കാണ്. സ്ഥാപനങ്ങളിലെ ഉത്പന്നങ്ങൾ മുതൽ വൈദ്യുത ഉപകരണങ്ങളുടെ വയറുകൾ വരെ എലികൾ കരണ്ടു നശിപ്പിച്ചു. ഇതോടെ വൻ നഷ്ടമാണ് വ്യാപാരികൾക്ക് സംഭവിച്ചത്. ആഴ്ചകളായി അടച്ചിട്ട സ്ഥാപനങ്ങൾ ലോക്ക്ഡൗൺ ഇളവ് പ്രഖ്യാപിച്ചതോടെ തുറന്നപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. ഭക്ഷണ സാധനങ്ങൾക്ക് പുറമേ മെഴുകുതിരി പാക്കറ്റുകൾ പോലും എലികൾ കടിച്ച് നശിപ്പിച്ചിട്ടുണ്ട്. വലിപ്പം കുറഞ്ഞ ചുണ്ടെലികളാകട്ടെ മേശവലിപ്പുകളിൽ നൂഴന്നിറങ്ങി രേഖകളും കറൻസികൾ വരെയും കരണ്ടു നുറുക്കി. ഉത്പന്നങ്ങൾ വാങ്ങിയതിന്റെ ബില്ലുകളും കണക്കുകളും ബാങ്ക് രേഖകളും വരെ നശിപ്പിക്കപ്പെട്ടവയിൽ പെടും. ഇതിനിടെ ആഴ്ചയിൽ ചില ദിവസങ്ങളിൽ വ്യാപാര സ്ഥാപനം അടച്ചിടേണ്ടി വരുന്നത് മറ്റ് ദിവസങ്ങളിൽ ആളുകളുടെ തിരക്ക് കൂട്ടുന്നതായും ആക്ഷേപമുണ്ട്.