തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കലുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്തിരുന്ന റവന്യു വകുപ്പിലെ രണ്ട് വനിതാ ഉദ്യോഗസ്ഥരോട് നിർബന്ധിത അവധിയിൽ പോകാൻ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി നിർദ്ദേശിച്ചു. റവന്യു വിഭാഗത്തിലെ ജോയിന്റ് സെക്രട്ടറിക്കും അണ്ടർ സെക്രട്ടറിക്കുമാണ് നിർദ്ദേശം ലഭിച്ചത്. മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട നോട്ട് ഫയലിന്റെയും കറന്റ് ഫയലിന്റെയും രേഖകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അണ്ടർ സെക്രട്ടറിയായ ഉദ്യോഗസ്ഥയാണ് ഈ വിവരങ്ങൾ വിവരാവകാശ നിയമ പ്രകാരം നൽകിയത്. രേഖകൾ മാദ്ധ്യമങ്ങളിൽ വന്നതോടെയാണ് അവധിയിൽ പോകാൻ നിർദ്ദേശിച്ചത്.
റവന്യു വകുപ്പിലെ ജോയിന്റ് സെക്രട്ടറിയാണ് മരം മുറിക്കാൻ അനുവാദം നൽകാനുള്ള സർക്കാർ നീക്കം ക്രമവിരുദ്ധമാണെന്ന് ഫയലിൽ എഴുതിയത്. ഇതിനെ മറികടന്നാണ് ഉത്തരവിറക്കാൻ റവന്യു മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖൻ നിർദ്ദേശം നൽകിയത്. ജോയിന്റ് സെക്രട്ടറിയുടെ കുറിപ്പിന്റെ അവസാനഭാഗം ഇങ്ങനെ: '...ഇത്തരം നിർദ്ദേശം നൽകിയിരിക്കുന്നത് നിലവിലെ റൂളുകളിലെ വ്യവസ്ഥകൾക്കു വിരുദ്ധമാണ്. ആയതിനാൽ ഇതിൽ അഡി. അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായവും കോടതിയുടെ തീരുമാനവും കാക്കണം'.
ഇതിനു മറുപടിയായാണ് പ്രത്യേകിച്ച് ആരുടെയും അനുവാദം വാങ്ങേണ്ടതില്ലെന്നും മരങ്ങൾ മുറിക്കുന്നത് തടസ്സപ്പെടുത്തുന്നത് ഗുരുതര കൃത്യവിലോപമായി കണ്ട് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും റവന്യു മന്ത്രി ഫയലിൽ എഴുതിയത്. പിന്നാലെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഇതേ വാചകങ്ങൾ ഉദ്ധരിച്ച് ഉത്തരവ് ഇറക്കി. ഈ ഉത്തരവാണ് വ്യാപകമായ മരം മുറിക്ക് ഇടയാക്കിയത്. ഈ ഫയൽ അടക്കമുള്ള രേഖകളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്.