നെടുമങ്ങാട്: നെടുമങ്ങാട്ട് ടെസ്റ്റ് പോസിറ്റീവ് നിരക്ക് വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ നിയന്ത്രണം കർശനമാക്കാൻ നഗരസഭയും പൊലീസും. സി -കാറ്റഗറിയിൽ നിന്ന് ഡി -കാറ്റഗറിയിലേക്ക് നഗരസഭ കാൽവയ്പ് നടത്തുന്നുവെന്നാണ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്. 15.03 ശതമാനമാണ് നിലവിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക്. ഇത് 20 ശതമാനത്തിലേക്ക് അടുക്കുന്നുവെന്നാണ് പരിശോധന ഫലം. ആന്റിജൻ പരിശോധനയിലുണ്ടായ കുറവാണ്‌ പോസിറ്റീവ് കേസുകൾ വർദ്ധിക്കാത്തതിന് കാരണമെന്ന് നഗരസഭ ആരോഗ്യ വിഭാഗം സൂചിപ്പിച്ചു. ഇന്നലെ 26 പേരിലാണ് പരിശോധന നടത്തിയത്. രണ്ടാംതരംഗത്തിന്റെ തുടക്കത്തിൽ നടത്തിയിരുന്ന മാതൃകയിൽ ആന്റിജൻ/ ആർ.ടി.പി.സി.ആർ പരിശോധന വ്യാപകമാക്കിയാൽ പോസിറ്റീവ് കേസുകൾ നിയന്ത്രണാധീതമായിരിക്കുമെന്ന് ആരോഗ്യവിഭാഗവും പൊലീസും നഗരസഭാധികൃതർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ വാരാന്ത്യ നിയന്ത്രണങ്ങൾ പിന്നിട്ട തിങ്കളാഴ്ച മുന്നറിയിപ്പില്ലാതെ തിരക്ക് നിയന്ത്രിക്കാനും കടകൾ അടപ്പിക്കാനും പൊലീസ് നടത്തിയ ശ്രമം നഗരസഭാധികൃതർ തടയുകയായിരുന്നു.ഇന്ന്, ഉച്ചഭാഷിണി മുഖേനയുള്ള മുന്നറിയിപ്പ് പരസ്യപ്പെടുത്തിയ ശേഷം മാത്രം പൊലീസ് കരുതൽ നടപടികൾ സ്വീകരിച്ചാൽ മതിയെന്ന നിലപാടിലാണ് നഗരസഭ. ഇതേതുടർന്ന്, ഇന്ന് മുതൽ വാഹന പരിശോധനയും വ്യാപാര സ്ഥാപനങ്ങളിലെ പരിശോധനയും കർശനമാക്കുമെന്ന് നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ രാജേഷ് കുമാർ അറിയിച്ചു.