കോവളം: വിഴിഞ്ഞത്ത് പതിമൂന്നുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാനൂർ മുക്കോല മുടുപാറവിള വീട്ടിൽ മനോജിന്റേയും നിജിയുടെയും മകൻ ആദിത്യനെ(13) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം നാലരയോടെ ആയിരുന്നു സംഭവം. മത്സ്യത്തൊഴിലാളികളായ മാതാപിതാക്കൾ പുറത്തു പോയിരുന്നു. ഈ സമയം ആദിത്യനും അനുജൻ ആഷിസും അനുജത്തി അനന്യയുമാണ് വീട്ടിലുണ്ടായിരുന്നത്. മൊബൈൽ ഫോണിൽ കളിക്കുന്നതിനിടയിൽ ആദിത്യൻ പിണങ്ങുകയും ഏതാനും സമയങ്ങൾക്ക് ശേഷം മുറിക്കുള്ളിൽ കയറി കതകടച്ചതായും പറയപ്പെടുന്നു. അമ്മുമ്മ ഗിരിജ ആദിത്യനെ അന്വേഷിച്ചതിനെ തുടർന്ന് കുട്ടികൾ മുറിയിൽ മുട്ടി വിളിച്ചെങ്കിലും കതക് തുറന്നില്ല. വിവരമറിഞ്ഞ് അയൽവാസികളെത്തി വാതിൽ തുറന്നപ്പോഴാണ് ആദിത്യൻ ഷോളുപയോഗിച്ച് ജനൽകമ്പിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. കുരുക്കഴിച്ച് വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെങ്ങാനൂർ ചാവടിനട ഗവ.സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് .