തിരുവനന്തപുരം: നിരവധി അഴിമതിയാരോപണങ്ങൾ നേതൃത്വത്തിനെതിരെ ഉയർന്നതിനെ തുടർന്ന് ഡി.വൈ.എഫ്.ഐ ചാല ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു. ഏരിയാ കമ്മിറ്റി പ്രസിഡന്റ് മനോജ്, സെക്രട്ടറി ഉണ്ണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കമ്മിറ്റി. മനോജ് സി.പി.എമ്മിന്റെ പെരുന്താന്നി ലോക്കൽ കമ്മിറ്റി അംഗവും ഉണ്ണി സി.പി.എമ്മിന്റെ ആറ്റുകാൽ ലോക്കൽ കമ്മിറ്റി അംഗവുമാണ്. പാർട്ടി തലത്തിൽ പരാതികളെത്തിയ സാഹചര്യത്തിൽ ഇരുവർക്കുമെതിരെ സി.പി.എം സംഘടനാതലത്തിലും നടപടിയുണ്ടായേക്കും.
ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അടിയന്തരമായി യോഗം ചേർന്നാണ് പിരിച്ചുവിടാൻ തീരുമാനമെടുത്തത്. പകരം സംഘടനയുടെ ഒരു ജില്ലാ സെക്രട്ടേറിയറ്റംഗത്തിന്റെ നേതൃത്വത്തിൽ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകയെ മറ്റൊരു പ്രവർത്തകൻ കരണത്തടിച്ചെന്ന പരാതി വിവാദമായിരുന്നു. പ്രതിക്കെതിരെ നടപടിയെടുക്കാതെ തനിക്ക് നീതി നിഷേധിച്ചെന്ന് കാട്ടി യുവതി പ്രതിഷേധമുയർത്തി. പിന്നാലെ അവർ പാർട്ടി വിട്ട് സി.പി.ഐയിൽ ചേർന്നു. സായികൃഷ്ണ എന്നയാൾക്കെതിരെയാണ് യുവതി പരാതി നൽകിയത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റുചെയ്‌തിരുന്നു.
ഇതിന് പുറമെയാണ് ഡി.വൈ.എഫ്.ഐ ഏരിയാ ഭാരവാഹികൾക്കെതിരായ പരാതികൾ പാർട്ടി ജില്ലാ നേതൃത്വത്തിനടക്കം ലഭിച്ചത്. മണൽമാഫിയ, റിയൽ എസ്റ്റേറ്റ് ലോബികളുമായുള്ള ചങ്ങാത്തം ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ഉയർന്നത്. മനോജും ഉണ്ണിയും അംഗങ്ങളായുള്ള ലോക്കൽ കമ്മിറ്റികളും വിഷയം ഇന്നലെ ചർച്ച ചെയ്‌തെന്നാണ് സൂചന.