hall

ആലുവ: ആലുവ നഗരസഭ പതിനൊന്നാംവാർഡിൽ നിർമ്മിച്ചിട്ടുള്ള അംബേദ്കർ കമ്മ്യൂണിറ്റി ഹാൾ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായത് നഗരസഭാ ജീവനക്കാരുടെയും സമീപവാസികളുടെയും ഉറക്കംകെടുത്തി. ഇതിനിടെ സമീപത്ത് മോഷണവും പെരുകിയതോടെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.

പട്ടികജാതി വിഭാഗക്കാർക്ക് നാമമാത്രമായ വാടക ഈടാക്കി വിവാഹം ഉൾപ്പെടെയുള്ള പരിപാടികൾ നടത്തുന്നതിനായി വർഷങ്ങൾക്ക് മുമ്പ് സീനത്ത് വൺവേ റോഡിൽ നിർമ്മിച്ച കെട്ടിടമാണിത്. താഴത്തെ നിലയിൽ നഗരസഭ ജീവനക്കാർക്കായി ക്വാർട്ടേഴ്സും മുകളിൽ 250 ഓളം പേർക്ക് ഇരിക്കാവുന്ന ചെറിയ ഹാളും. യഥാസമയം കെട്ടിടത്തിന് അറ്റകുറ്റപ്പണി നടത്താതായോടെ പരിസരം സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി. ഹാളിന്റെ അടുക്കളെ പൊട്ടിപ്പൊളിയുകയും കാടുകയറിയും നശിച്ചു. ശൗചാലയവും ഉപയോഗശൂന്യമായി. കറങ്ങുന്ന ഫാനുകളൊന്നുമില്ല. കസേരകളിൽ ഭൂരിഭാഗവും ഉപയോഗശൂന്യം. അവശേഷിക്കുന്ന കസേരകളും ഹാളുമെല്ലാം മാറാല പിടിച്ച് ആർക്കും കയറാകാനാകാത്ത അവസ്ഥയിലുമാണ്.

അടുക്കളഭാഗം രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സാമൂഹിക വിരുദ്ധർ താവളമാക്കി. ക്വാർട്ടേഴ്സിൽ താമസിക്കുന്നവർക്ക് രാത്രി ഉറങ്ങാൻപോലും കഴിയാത്ത അവസ്ഥയാണ്. ലഹരിക്കടിമപ്പെട്ടവരായതിനാൽ ചോദ്യം ചെയ്യാൻപോലും ജീവനക്കാർക്ക് മടിയാണ്. കുറച്ചുനാൾ കെട്ടിടത്തിന്റെ താക്കോൽ കൗൺസിലർ വാങ്ങി സൂക്ഷിച്ചപ്പോൾ സാമൂഹ്യവിരുദ്ധരുടെ ശല്യം കുറഞ്ഞതാണ്. നഗരസഭ എൻജിനിയറിംഗ് വിഭാഗം തിരിച്ചുവാങ്ങിയതോടെ സാമൂഹ്യവിരുദ്ധർ വീണ്ടുമെത്തി.

മൂന്ന് ദിവസത്തിനിടെ രണ്ട് മോഷണം

സാമൂഹ്യവിരുദ്ധരുടെ ശല്യമുള്ള അംബേദ്കർ ഹാളിന് സമീപത്തെ ഫ്ളാറ്റുകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മോഷണം നടന്നത്. കഴിഞ്ഞ നാലിന് ആർ.എസ് ഫ്ളാറ്റിന്റെ രണ്ടാംനിലയിൽ നിന്നും 35,000 രൂപ വിലയുള്ള സൈക്കിൾ മോഷണം പോയി. മോഷ്ടാവിന്റെ ദൃശ്യം വ്യക്തമായി സി.സി ടിവിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച പരാതി പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ഇന്നലെ പുലർച്ചെ തൊട്ടടുത്ത മറ്റൊരു ഫ്ളാറ്റിൽനിന്നും ഇരുചക്രവാഹനം കാണാതായത്. ഇത് സംബന്ധിച്ചും പൊലീസിന് പരാതി നൽകിയിട്ടുണ്ടെന്ന് വാർഡ് കൗൺസിലർ പ്രീത രവി പറഞ്ഞു. അംബേദ്കർ ഹാളിലെ സാമൂഹ്യവിരുദ്ധശല്യവും മോഷണവും തടയാൻ പൊലീസിന്റെ ഇടപെടൽ ശക്തമാക്കണമെന്നും പ്രീത രവി ആവശ്യപ്പെട്ടു.