road

പെരിന്തൽമണ്ണ: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ പെരിന്തൽമണ്ണ മനഴി ബസ് സ്റ്റാൻഡ്, മുൻസിപ്പൽ ഓഫീസ് എന്നിവയ്ക്ക് മുമ്പിലൂടെ കടന്ന് പോകുന്ന റോഡിൽ അപകട സാദ്ധ്യതയേറുന്നു. അപരിചിതരായ ഡ്രൈവർമാർക്ക് ആശങ്ക തോന്നുംവിധമാണ് ഇവിടത്തെ ഘടന. അടുത്തെത്തുമ്പോൾ മാത്രം രണ്ട് ഭാഗങ്ങളിലേക്കുള്ള റോഡ് ശ്രദ്ധയിൽ പെടുന്നതോടെ സിഗ്നൽ പോലും നൽകാതെയാണ് ആളുകൾ വണ്ടി വെട്ടിതെറ്റിച്ച് പോകുക.

റോഡിന്റെ മദ്ധ്യഭാഗത്തായി ഇടത് വശം ചേർന്ന് പോകാനുള്ള സൂചന ബോർഡ് ഇരുവശങ്ങളിലും ഉണ്ടെങ്കിലും ഡ്രൈവർമാർ ഗൗനിക്കാറില്ല. പാലക്കാട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളാണ് കൂടുതലും ഇവിടെ അപകടത്തിൽപ്പെടുന്നത്.
ദേശീയപാതയിൽ നിന്ന് ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കാനായി ബസുകൾ പൊടുന്നനെ വലത് ഭാഗത്തേക്ക് തിരിഞ്ഞ് കയറി വരുന്നതും പെരിന്തൽമണ്ണ ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇറക്കം കൂടി ആയതിനാൽ അമിത വേഗത കൈവരിക്കുന്നതും വൻ അപകടങ്ങൾക്ക് ഇടയാക്കുന്നു.ഏറ്റവും ഒടുവിൽ ഏപ്രിൽ 21ന് വൈകീട്ട് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചിരുന്നു. അപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റവരും നിരവധിയാണ്. ചെറുവാഹനങ്ങളും പരിചയക്കുറവുള്ള ഡ്രൈവർമാർ ഓടിക്കുന്ന വലിയ വാഹനങ്ങളും അപകടത്തിനിടയാക്കുന്നു.


പരിഹാരം നിയമം പാലിക്കൽ മാത്രം

ഇവിടെ നിലവിൽ വൺ വേ സമ്പ്രദായമാണെങ്കിലും കർശനമായി പാലിക്കപ്പെടുന്നില്ല. പാലക്കാട് ഭാഗത്ത് നിന്ന് വരുന്ന ബസുകളടക്കം നേരേപോയി യൂ ടേൺ എടുത്തു വേണം സ്റ്റാൻഡിലേക്ക് കയറാൻ. മറുഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും ഇതു പാലിക്കണം എന്നാൽ മാത്രമേ അപകടം ഒഴിവാകു. രണ്ടു ഭാഗത്തും നിന്നും വരുന്ന വാഹനങ്ങൾ തോന്നും പോലെ അവരവരുടെ സൗകര്യം മാത്രം നോക്കി കയറി വരുന്നത് മൂലം നിയമം പാലിക്കുന്നവരെക്കൂടി അപകടത്തിലാക്കുന്നു.
ഒരുഭാഗത്ത് മനഴി സ്റ്റാൻഡും നഗരസഭാ കാര്യാലയവും ഉണ്ട്. മറുഭാഗത്ത് ബെവ്‌കോയുടെ ചില്ലറ മദ്യവിൽപ്പനശാലയടക്കം പ്രവർത്തിക്കുന്നതിനാൽ കാൽനട യാത്രക്കാരും ഏറെയുണ്ട്. ഇവിടെ പലരും അപകടങ്ങളിൽ നിന്ന് തലനാരിഴക്കാണ് രക്ഷപെടുന്നത്.


പരിഹാരമായി റോഡിൽ കവാടങ്ങൾ നിർമ്മിക്കണം

നഗരസഭാ ഓഫീസ് മന്ദിരം, ആർ.എൻ. മനഴി സ്മാരക ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ ഇരുവശവും ഇവയുടെ പേരുകൾ വച്ച് പ്രവേശന കവാടങ്ങൾ തീർക്കുകയും ഈ റോഡ് ഈ സ്ഥാപനങ്ങൾക്ക് മാത്രമായോ അല്ലെങ്കിൽ വൺവേ സംവിധാനം ഉപയോഗിക്കുകയോ, നിലവിലെ ദേശീയപാത പഴയപടി നിലനിർത്തുകയും ചെയ്യുക എന്നതാണ് പരിഹാരം. കൂടാതെ ഇരു റോഡുകളുടെയും നടുവശത്ത് കൂട്ടിയിട്ടിരിക്കുന്ന തൊണ്ടി വാഹനങ്ങൾ നീക്കം ചെയ്താൽ മാത്രമേ ഇരു റോഡുകളിലും സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് സുഗമമായ കാഴ്ച ഉണ്ടാവു.