കല്ലമ്പലം: ഇരുവശവും കാടുമൂടിയ പള്ളിക്കൽ പഞ്ചായത്തിലെ മൂതല - പകൽക്കുറി റോഡിൽ ഇഴ ജന്തുക്കളുടെ ശല്യം രൂക്ഷം. പാമ്പിനെ പേടിച്ചാണ് കാൽനട യാത്രക്കാർ ഇതുവഴി സഞ്ചരിക്കുന്നത്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 5 പാമ്പുകളെ കണ്ടുവെന്ന് നാട്ടുകാർ പറയുന്നു.
പള്ളിക്കൽ പഞ്ചായത്തിലെ 7,11 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡിലെ കാട് കഴിഞ്ഞവർഷം നാട്ടുകാർ ചേർന്ന് വൃത്തിയാക്കിയിരുന്നു. ഇപ്പോൾ വീണ്ടും കാട് കയറി പഴയ സ്ഥിതിയിലായി. പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി പ്രദേശം വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രണ്ടു വാഹനങ്ങൾ വന്നാൽ സൈഡ് നൽകാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ഇരുചക്ര വാഹന യാത്രികർ സൈഡ് നൽകുമ്പോൾ കാടുമൂടിയ പാറകളിലും ഉപയോഗ ശൂന്യമായി റോഡ് വശത്ത് ഉപേക്ഷിച്ച ഇലക്ട്രിക് പോസ്റ്റിലുമിടിച്ച് വീണ് പരിക്കേറ്റ സംഭവങ്ങൾ ധാരാളമുണ്ട്.
എല്ലാ വർഷവും തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി പ്രദേശത്തെ കാട് വെട്ടാറുണ്ട്. ഈ വർഷവും കാട് വൃത്തിയാക്കി നാട്ടുകാരുടെ ബുദ്ധിമുട്ട് പരിഹരിക്കും.
എം. മാധവൻകുട്ടി,
പള്ളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്