meen

തലശ്ശേരി: ഉൾനാടൻ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടത്തുന്ന പദ്ധതിയുടെ ഭാഗമായി മേലൂർ അടിവയൽ കടവിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ധർമ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. രവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ കെ. ശോഭ, കെ. പ്രീത എന്നിവർ സംസാരിച്ചു ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ പി.വി. പ്രീത സ്വാഗതവും ഫിഷറീസ് ഓഫീസർ റിതുൽ രാജ് നന്ദിയും പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിൽ ഉൾനാടൻ ജലാശയത്തിൽ നശിച്ചു കൊണ്ടിരിക്കുന്ന മത്സ്യസമ്പത്തിനെ പുനരുജ്ജീവിപ്പിക്കാനാണ് പുതിയ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. ഇതിന്റെ സംരക്ഷണവും ഉറപ്പാക്കും.