പ്രശസ്ത സംവിധായകൻ പ്രിയദർശൻ ബോളിവുഡിൽ ഒരുക്കുന്ന 'ഹംഗാമ 2' ഈ മാസം 23ന് ഒ.ടി.ടി യിൽ റിലീസാകും. ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയ മലയാളിയായ റോണി റാഫേൽ തനിക്ക് കിട്ടിയ ആ സൗഭാഗ്യത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു...
പ്രിയൻസാറിലേക്ക് ഞാൻ എത്തുന്നത് എം.ജി.ശ്രീകുമാർ ചേട്ടൻ വഴിയാണ്. മരയ്ക്കാറിലെ പാട്ടുകൾക്ക് ഈണം നൽകണമെന്ന് പ്രിയൻ സാർ പറഞ്ഞത് കേട്ടപ്പോൾ അന്ന് അതെനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ശരിക്കും ഞെട്ടിപ്പോയി. പക്ഷേ പ്രിയൻസാർ നല്ല സപ്പോർട്ട് നൽകി. ഗാനങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ട്. എല്ലാം കൃത്യമായിട്ട് പറഞ്ഞുതരും. മറ്റു സംവിധായകരിൽ കാണാത്ത ഒട്ടേറെ സവിശേഷതകൾ ഇക്കാര്യങ്ങളിൽ പ്രിയൻസാറിനുണ്ട്. ടെൻഷനില്ലാതെ നമുക്ക് വർക്ക് ചെയ്യാം. പ്രിയദർശനൊപ്പം വർക്ക് ചെയ്യുമ്പോൾ നല്ല പോസിറ്റീവ് എനർജിയാണ്. അങ്ങനെയാണ് ഞാൻ മരയ്ക്കാറിലെ പാട്ടുകൾ ചെയ്തത്. അഞ്ച് ചിത്രങ്ങളിൽ തുടർച്ചയായി പ്രിയദർശനൊപ്പം വർക്ക് ചെയ്യാൻ സാധിച്ചെന്നും അതെല്ലാം ദൈവാനുഗ്രഹമായിട്ടാണ് കാണുന്നതെന്നും റോണി പറയുന്നു.
ജീവിതത്തിൽ ഏറ്റവും അധികം സന്തോഷിക്കുന്ന നിമിഷങ്ങളാണിത്. ശരിക്കും ദൈവവിളിപോലെയാണ് പ്രിയൻസാർ എന്നെ വിളിച്ചത്. വലിയ ഭാഗ്യം തന്നെയാണ്. പക്ഷേ, വലിയ ഉത്തരവാദിത്വം കൂടിയാണത്. ഈ സൗഭാഗ്യങ്ങൾ കാണാൻ തന്റെ അമ്മ കൂടെയില്ലെന്ന ദുഃഖവും റോണി റാഫേൽ പങ്കുവയ്ക്കുന്നുണ്ട്.
1994 ൽ റിലീസ് ചെയ്ത സൂപ്പർഹിറ്റ് ചിത്രം മിന്നാരത്തിന്റെ റീമേക്കാണ് ഹംഗാമ 2. മോഹൻലാലും ശോഭനയും അവതരിപ്പിച്ച ബോബി, നീന എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ജൂലായ് 23 ന് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യും. 300 കോടിക്കാണ് ഹോട്ട് സ്റ്റാർ ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയത്.
അനുഗ്രഹീത സംഗീത പ്രതിഭ ഒ.വി.റാഫേലിന്റെ മകൻ റോണി റാഫേൽ ഇന്നേറെ അഭിമാനത്തിലും സന്തോഷത്തിലുമാണ്. മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ബിഗ്ബഡ്ജറ്റ് ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം അഞ്ചുഭാഷകളിൽ റിലീസിന് ഒരുങ്ങുമ്പോൾ ചിത്രത്തിലെ അഞ്ച് ഗാനങ്ങൾക്കും സംഗീതം നൽകിയത് റോണി റാഫേലാണ്.