photo

പാലോട്: വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള വിവരത്തെത്തുടർന്ന് വൈദ്യുതീകരിക്കാത്ത വീടുകൾ അന്വേഷിച്ചെത്തിയ പാലോട് കെ.എസ്.ഇ.ബി ജീവനക്കാർ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. അടച്ചുറപ്പില്ലാത്തതും പണി പൂർത്തിയാകാത്തതുമായ വീട്ടിൽ താമസിക്കുന്ന ടാപ്പിംഗ് തൊഴിലാളിയായ മൈലമൂട് അഞ്ചാന കുഴിക്കര ഷിബുവിന്റെ മക്കളായ ആറാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന കുട്ടികൾക്ക് വൈദ്യുതി ലഭ്യമല്ലാത്തതിനാൽ ക്ലാസുകൾ കാണാൻ കഴിയില്ലായിരുന്നു. എന്നാൽ ഒറ്റദിവസം കൊണ്ട് പാലോട് എ.ഇ വിനോദിന്റെ നേതൃത്വത്തിലുള്ള ജീവനക്കാരുടെ സംഘം സമീപവാസിയുടെ സഹകരണത്തോടെ ജീവനക്കാരുടെ ചെലവിൽ പോസ്റ്റിട്ട് വീട് വയറിംഗ് ചെയ്ത് വൈദ്യുതീകരിച്ചു. അസി.എക്സിക്യുട്ടീവ് എൻജിനിയർ അനീഷ്, സബ്ബ് എൻജിനിയർ അഖിലേഷ്, ഓവർസിയർമാരായ സനൽകുമാർ, സുനിൽകുമാർ, മറ്റ് ജീവനക്കാർ തുടങ്ങിയവർ ഒറ്റക്കെട്ടായി നിന്നതിനാലാണ് ഷിബുവിന്റെയും കുടുംബത്തിന്റെയും വൈദ്യുതിയെന്ന സ്വപ്നം യാഥാർത്ഥ്യമായത്.