bhusobhana

വിതുര: കാൻസർ എന്ന മഹാവ്യാധിയെ പൊരുതിത്തോൽപ്പിച്ച ഒരു മാതൃകാ കർഷക കുടുംബം പകർന്നുനൽകുന്നത് പ്രതീക്ഷയുടെ പച്ചപ്പും, പുതുവെളിച്ചവും ആണ്. തൊളിക്കോട് ഗ്രാമപ്പഞ്ചായത്തിലെ പരപ്പാറ ശാരികയിൽ ഭുവനേന്ദ്രൻനായരും, ഭാര്യ ശോഭനകുമാരിയുമാണ് വെല്ലുവിളികളെ അതിജീവിച്ച് കൃഷിയിൽ നേട്ടങ്ങൾ കൊയ്യുന്നത്. അർബുദം കടന്നാക്രമിച്ചതോടെ ജീവിക്കണമെന്ന ഉറച്ച തീരുമാനത്തോടെ മണ്ണിലേക്കിറങ്ങുകയായിരുന്നു ഇരുവരും. രണ്ടേക്കറോളം വരുന്ന പാട്ടഭൂമിയിലും മട്ടുപ്പാവിലുമായി നടത്തുന്ന കൃഷിയിൽ നിന്ന് ലഭിക്കുന്ന നൂറുമേനി വിളവിൽ ഇവർ മറക്കുന്നത് തങ്ങളുടെ രോഗദുരിതങ്ങളെയാണ്.

പശുവളർത്തലായിരുന്നു വർഷങ്ങളായി ഭുവനേന്ദ്രൻനായരുടെ തൊഴിൽ. പരപ്പാറയിൽ ധവളവിപ്ലവം സൃഷ്ടിച്ച ഭുവനേന്ദ്രൻനായർക്ക് പാൽ ലഭിക്കുന്ന പതിനഞ്ച് പശുക്കളുണ്ടായിരുന്നു. പഞ്ചായത്തിന്റെ മികച്ച ക്ഷീര കർഷക പുരസ്കാരവും അനവധി തവണ തേടിയെത്തി. വീട്ടുവളപ്പിലെ ചെറിയ കൃഷിത്തോട്ടത്തിൽ പച്ചക്കറിയും കൃഷിചെയ്തു. എന്നാൽ രോഗത്തിന് പുറമേ കൊവിഡ് കൂടി എത്തിയതോടെ ഭുവനേന്ദ്രൻനായരുടെ പ്രതീക്ഷകൾ അസ്തമിച്ചു. ബാങ്ക്ലോൺ വഴി വാങ്ങിയ 15 പശുക്കളേയും കടം കയറിയതോടെ കുറഞ്ഞ വിലക്ക് വിറ്റു. കടവും, രോഗവും നന്നായി അലട്ടുന്നതിനിടയിലും ഭാര്യയും, ഭർത്താവും കൃഷിയിൽ വ്യാപൃതരായി.

അഞ്ചു വർഷം മുമ്പാണ് ശോഭനകുമാരിയ്ക്ക് കുടലിൽ കാൻസർ ബാധിക്കുന്നത്. ഭാര്യയുടെ അസുഖം ഭേദമായി വരുന്നതിനിടെയാണ് അർബുദം ഭുവനേന്ദ്രൻനായരെത്തേടിയെത്തുന്നത്. രണ്ടു വർഷം മുമ്പ് അസ്ഥികളെയാണ് കാൻസർ ബാധിച്ചത്. രണ്ടു പേരുടെ ചികിത്സാ ചെലവ് താങ്ങാവുന്നതിനപ്പുറമായതോടെയാണ് കൃഷിയിലേക്ക് തിരിഞ്ഞത്. മട്ടുപ്പാവ് കൃഷിയാണ്

ആദ്യഘട്ടത്തിൽ ചെയ്തത്. രോഗം സമ്മാനിച്ച ശാരീരിക അവശതകൾ മറന്ന് ഗ്രോബാഗുകളിൽ മണ്ണു നിറച്ച് തൈകൾ നട്ടു. നല്ല വിളവ് ലഭിച്ചതോടെ ഭൂമി പാട്ടത്തിനെടുത്ത് കൃഷി വിപുലമാക്കി.

ഭാര്യയുടെ അസുഖം ഭേദമായെങ്കിലും ഭുവനേന്ദ്രൻനായരുടെ ചികിത്സ തുടരുകയാണ്. ഗുളികകൾക്കും മരുന്നിനുമൊപ്പം മൂന്ന് മാസത്തിലൊരിക്കൽ കീമോതെറാപ്പിയുമുണ്ട്. ശാരിക,​ ശരത്ത് എന്നിവരാണ് മക്കൾ.