തിരുവനന്തപുരം: കാറ്ററിംഗ് മേഖല നേരിടുന്ന പ്രശ്‌നങ്ങൾക്ക് സർക്കാർ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ (എ.കെ.സി.എ) സെക്രട്ടേറിയറ്റിന് മുന്നിൽ വേറിട്ട പ്രതിഷേധം നടത്തി. വിവാഹ സൽക്കാരത്തിന്റെ മാതൃകയിൽ ഇലയിൽ ഉഴുന്നുവടയും ചായയും
നൽകിയാണ് അവർ പ്രതിഷേധിച്ചത്. അണിഞ്ഞൊരുങ്ങി പ്ലക്കാർഡുകളുമായി നിന്ന വധുവരന്മാർക്ക് ആശംസകൾ നേർന്ന് സംഘടനാ ഭാരവാഹികളും പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമരം ഉദ്ഘാടനം ചെയ്‌തു. കൊവിഡ് മഹാമാരിക്കിടയിൽ തകർന്നടിയുന്ന വ്യവസായങ്ങളെ നിലനിറുത്താൻ സർക്കാർ കൊവിഡ് ദുരന്തനിവാരണ കമ്മിഷൻ രൂപീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് ആളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുന്ന കാറ്ററിംഗ് ഉൾപ്പടെയുള്ള വ്യവസായ സംരംഭങ്ങൾ തകരുന്നത് വലിയ സാമൂഹ്യ വിപത്താണ് സൃഷ്ടിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ് അദ്ധ്യക്ഷനായി.
പി.സി. വിഷ്ണുനാഥ് എം.എൽ.എ, എ.കെ.സി.എ സംസ്ഥാന രക്ഷാധികാരി ബാദുഷ കടലുണ്ടി, ജനറൽ സെക്രട്ടറി വി. സുനുകുമാർ, ട്രഷറർ ടി.കെ. രാധാകൃഷ്ണൻ, വർക്കിംഗ് പ്രസിഡന്റ് മനോജ് മാധവശേരി, വർക്കിംഗ് സെക്രട്ടറി റോബിൻ കെ. പോൾ, ജിജൻ മത്തായി, എം. ഉണ്ണിക്കൃഷ്ണൻ, എം.ജെ. താഹ, സുരേഷ് ഇ. നായർ, ഷാഹുൽ ഹമീദ്, സത്യദാസ്, ജിബി പീറ്റർ, തോമസ് മാത്യു, പി.വി. മാത്യു, എം. കബീർ, ഫിറോസ് ബാബു എന്നിവർ സംസാരിച്ചു. ഉച്ചവരെ മദ്യശാലകൾക്ക് മുന്നിൽ പ്രവർത്തകർ നില്പ് സമരവും സംഘടിപ്പിച്ചു.
ഓഡിറ്റോറിയങ്ങളുടെ വലിപ്പത്തിനനുസൃതമായി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവാഹ ചടങ്ങുകൾക്ക് കാറ്ററിംഗ് നടത്താൻ അനുവദിക്കുക, ബാങ്കുകൾ വഴി കുറഞ്ഞ പലിശ നിരക്കിൽ ലോൺ അനുവദിക്കുക, തിരിച്ചടവിന് ആറുമാസത്തെ ഇളവ് അനുവദിക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങൾ.