ചിറയിൻകീഴ്: കുറഞ്ഞ വേതനവും തൊഴിലില്ലായ്മയും മൂലം കഷ്ടപ്പെടുന്ന കയർ തൊഴിലാളികൾക്ക് ഇടക്കാല ആശ്വാസമായി 5000 രൂപ അനുവദിക്കണമെന്ന് തിരുവനന്തപുരം കയർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ പ്രസിഡന്റ് ജി. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം മന്ത്രിയോട് അഭ്യർത്ഥിച്ചു. ഇത് സംബന്ധിച്ച് മന്ത്രിക്ക് നിവേദനം നൽകി. കൊവിഡ് മഹാമാരി മൂലം ദീർഘകാലമായി തൊഴിൽ ഇല്ലാതിരിക്കുകയാണ്. കയറിന്റെ വിപണനമൂല്യം നടപ്പിലാക്കാതെ ധാരാളം കയർപിരി യന്ത്രങ്ങൾ സ്ഥാപിച്ച് ഉത്പാദനം നടത്തിയതിനാൽ കയർ ഉത്പന്നങ്ങൾ കെട്ടിക്കിടക്കുകയാണ്.

കയർ ഫെഡ് ഉത്പാദനത്തിന് അനുസരിച്ച് വില നിശ്ചയിക്കാതെ കുറഞ്ഞവിലയ്ക്ക് കയർ സംഭരിക്കുകയും കൂടിയ വിലയ്ക്ക് കയർ വിൽക്കുകയും ചെയ്യുന്നതുമൂലം ഈ മേഖല വൻ നഷ്ടത്തിലാണ് പ്രവർത്തിച്ചുവരുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലയളവിൽ തൊഴിലാളികൾക്ക് 150 രൂപ വേതനം ലഭിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇത് 300 രൂപയായി വർദ്ധിപ്പിക്കുകയും വേതനം 500 രൂപയായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കാസർഗോഡ് മുതൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് കയർ തൊഴിലാളി പദയാത്ര നയിച്ച തോമസ് ഐസക് കയർ വകുപ്പ് മന്ത്രിയായപ്പോൾ 50 രൂപ വർദ്ധധനവാണ് ഈ മേഖലയിൽ നടപ്പിലാക്കിയതെന്നും നിവേദനത്തിൽ പറയുന്നു.