liquor

തിരുവനന്തപുരം: പ്രിമിയം വിഭാഗത്തിൽപ്പെട്ട ജനപ്രിയ മദ്യബ്രാൻഡുകൾക്കും ഇടത്തരം വിലയ്ക്കുള്ള റമ്മുകൾക്കും വില്പനശാലകളിൽ ക്ഷാമം. ഇഷ്ട ബ്രാൻഡുകൾ തേടിയെത്തുന്നവർക്ക് കേട്ടുപഴക്കം പോലുമില്ലാത്ത ബ്രാൻഡുകൾ കൊണ്ട് തൃപ്തിപ്പെടേണ്ട സ്ഥിതി. എം.എച്ച്, ഫ്രഞ്ച് ബ്രാണ്ടി, ബ്ളാക്ക് ആൻഡ് ഗോൾഡ്, സീസർ, എം.സി പ്രീമിയം, നെപ്പോളിയൻ, ഓൾഡ് പേൾ, ഒ.സി തുടങ്ങിയവയൊന്നും പല ഷോപ്പുകളിലും കിട്ടാനില്ല.

ലോക്ഡൗൺ മൂലം ബാറുകളും ചില്ലറവില്പന ശാലകളും അടഞ്ഞതോടെ ബിവറേജസ് കോർപ്പറേഷൻ മദ്യകമ്പനികൾക്ക് നൽകുന്ന ഓർഡർ ഇടയ്ക്ക് നിറുത്തിവച്ചതാണ് ക്ഷാമത്തിന് ഒരു കാരണം. പ്രിമിയം ബ്രാൻഡ് മദ്യങ്ങളൊന്നും ഇപ്പോൾ കേരളത്തിൽ ബോട്ടിൽ ചെയ്യുന്നില്ല. വടക്കേഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ്, പ്രത്യേകിച്ച് മഹാരാഷ്ട്ര- മിക്ക ബ്രാൻഡുകളും എത്തുന്നത്. വിലകുറഞ്ഞ ജനപ്രിയ ബ്രാൻഡുകൾ തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് കൂടുതലായി ബ്ളെൻഡിംഗും ബോട്ടിലിംഗും നടത്തുന്നത്. കൊവിഡ് കാരണം മദ്യകമ്പനികൾ ഉത്പാദനം വെട്ടിക്കുറച്ചതും മറ്റൊരു കാരണമായി. ഓരോ വില്പന ശാലയിലെയും ബ്രാൻഡുകളുടെ ചെലവ് അടിസ്ഥാനമാക്കിയാണ് ബെവ്കോ കമ്പനികൾക്ക് ഓർഡർ നൽകുന്നത്. ഓർഡർ കിട്ടിയാലും മദ്യം സ്റ്റോക്കില്ലാത്തതിനാൽ എത്തിക്കാനാവുന്നില്ല.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഇടയ്ക്ക് ലോറികൾ എത്താനുണ്ടായ തടസവും ക്ഷാമത്തിന് കാരണമായി. കരാറെടുത്തിട്ടുള്ള എല്ലാ ലോറികളും കിട്ടാത്ത സാഹചര്യവുമുണ്ട്. മാർജിൻ വിഷയത്തിൽ തീരുമാനമാവാത്തതിനാൽ കൺസ്യൂമർ ഫെഡ് വില്പനശാലകളിൽ ബിയറും വൈനും മാത്രമാണ് ഇപ്പോൾ വിൽക്കുന്നത്.

കയറ്റിറക്ക് പ്രതിസന്ധി

ബെവ്കോയുടെ സംസ്ഥാനത്തെ 23 വെയർഹൗസ് ഗോഡൗണുകളിൽ സ്റ്റോക്ക് ചെയ്താണ് ബാറുകൾക്കും ചില്ലറവില്പന ശാലകൾക്കും മദ്യം വിതരണം ചെയ്യുന്നത്. വെയർഹൗസുകളിൽ കയറ്റിറക്ക് കൂലി സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാൽ തൊഴിലാളികൾ ലോഡ് ഇറക്കുന്നതിലും കയറ്റുന്നതിലും പല സ്ഥലത്തും മെല്ലെപ്പോക്കിലാണ്. ഓരോ സ്ഥലത്തും പ്രദേശത്തിന്റെ പ്രത്യേകതയ്ക്ക് അനുസരണമായ കൂലിയാണ് നിലവിലുള്ളത്. ബാലരാമപുരം വെയർഹൗസിൽ ഒരു കെയ്സിന് ലോഡിറക്കാൻ 3.50 രൂപയും കയറ്റാൻ 2.88 രൂപയുമാണ് കൂലി. കൂലികൂട്ടുന്ന കാര്യത്തിൽ ചർച്ചകൾ നടന്നുവരികയാണ്.