തിരുവനന്തപുരം: കെ.എം.മാണി അഴിമതിക്കാരനാണെന്ന് കോടതിയിൽ പറഞ്ഞിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ പ്രതികരിച്ചു. വിവാദം മാദ്ധ്യമങ്ങൾ സൃഷ്ടിച്ചതാണ്. ബാർ കോഴ വ്യക്തിപരമായി കെ.എം. മാണി നടത്തിയ അഴിമതിയല്ലെന്നും അത് യു.ഡി.എഫ് സർക്കാരിന്റെ അഴിമതിയാണെന്നും ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനിടെ വാർത്താലേഖകരെ കണ്ട വിജയരാഘവൻ വ്യക്തമാക്കി. വിഷയം പാർട്ടി ചർച്ച ചെയ്ത ശേഷം പ്രതികരിക്കാമെന്ന് ആദ്യം പറഞ്ഞ വിജയരാഘവൻ, സെക്രട്ടേറിയറ്റ് യോഗത്തിലെ ചർച്ചയ്ക്ക് ശേഷമെത്തി വിശദമായി സംസാരിക്കുകയായിരുന്നു.
സുപ്രീംകോടതിയിൽ എവിടെയും കെ.എം. മാണി എന്ന പേര് പരാമർശിച്ചിട്ടില്ല. കോടതിയിൽ വന്ന കാര്യങ്ങൾ മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് വാർത്ത നൽകുകയായിരുന്നു. അതിൽ ദുരുദ്ദേശ്യമുണ്ട്.
എൽ.ഡി.എഫിലെ പ്രധാന ഘടകകക്ഷിയാണ് കേരള കോൺഗ്രസ്- എം. മുന്നണിയിൽ നല്ല നിലയിൽ കാര്യങ്ങൾ നീങ്ങുന്നുമുണ്ട്.
പരസ്പര ബഹുമാനത്തോടെയാണ് ഇടതുമുന്നണിയിലെ ഘടകകക്ഷികൾ പ്രവർത്തിക്കുന്നത്. ആശയക്കുഴപ്പമുണ്ടാക്കാൻ മാദ്ധ്യമങ്ങൾ ശ്രമിക്കുന്നു. അവർ വാർത്ത സൃഷ്ടിച്ച് തെറ്റായി വ്യാഖ്യാനിച്ചതാണ്. യു.ഡി.എഫിന്റെ അഴിമതിക്കെതിരെ ആയിരുന്നു ഇടതുമുന്നണിയുടെ സമരം. യു.ഡി.എഫ് സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരായിരുന്നു. ഭരണത്തെയും അവർ അഴിമതിക്കായി ഉപയോഗിച്ചു. അതിനെതിരായ സമരമാണ് സഭയിൽ നടന്നത്. അല്ലാതെ കെ.എം.മാണിക്കെതിരായ സമരമായിരുന്നില്ല.
കെ.എം.മാണി ദീർഘകാലം രാഷ്ട്രീയ പ്രവർത്തനം നടത്തിയ നേതാവും അനുഭവസമ്പത്തുള്ള പൊതുപ്രവർത്തകനുമാണ്. ബാർ കോഴ അന്വേഷിച്ച വിജിലൻസ് കെ.എം. മാണിക്ക് വ്യക്തിപരമായ ഉത്തരവാദിത്തമില്ലെന്ന് കണ്ടെത്തിയിരുന്നു. എല്ലാക്കാലത്തും ഭരണമുപയോഗിച്ച് വ്യാപകമായ അഴിമതി നടത്തിയ പാർട്ടിയാണ് കോൺഗ്രസ്. കേരള കോൺഗ്രസിന് ഈ വിഷയത്തിൽ അവരുടെ അഭിപ്രായം പറയാം. മാദ്ധ്യമങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് വാർത്തകൾ നൽകിയത്. വാർത്തകൾ നിർമ്മിക്കാൻ വിദഗ്ദ്ധരായവർ നിങ്ങളുടെ (മാദ്ധ്യമങ്ങളുടെ) കൂട്ടത്തിലുണ്ട്. അത്തരക്കാരാണ് ഈ വാർത്തയും നിർമ്മിച്ചതെന്നും വിജയരാഘവൻ പറഞ്ഞു.