nithya

അയ്യപ്പനും കോശിയും എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കിൽ നിത്യാമേനൻ നായികയാകുന്നു. മലയാളത്തിൽ ഗൗരിനന്ദ അവതരിപ്പിച്ച കണ്ണമ്മ എന്ന കഥാപാത്രത്തെയാണ് തെലുങ്കിൽ നിത്യാമേനൻ കയ്യാളുന്നത്.

തെലുങ്കിലെ മുൻനിര താരമായ പവൻ കല്യാണാണ് ചിത്രത്തിലെ നായകന്മാരിലൊരാൾ. മലയാളത്തിൽ ബിജുമേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന പൊലീസ് ഒാഫീസറുടെ വേഷമാണ് തെലുങ്കിൽ പവൻ കല്യാണിന്.

ജൂലായ് 12 മുതലാണ് നിത്യ ഇൗ ചിത്രത്തിൽ അഭിനയിച്ച് തുടങ്ങുന്നത്. തൊട്ടടുത്ത ദിവസം പവനും ജോയിൻ ചെയ്യും. കൊവിഡ് രണ്ടാം തരംഗത്തെതുടർന്ന് നിറുത്തിവച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞദിവസമാണ് വീണ്ടും തുടങ്ങിയത്. സാഗർ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല. പി.കെ എന്ന് പേരിടാൻ ആലോചനയുണ്ട്.

മലയാളത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കോശിയായി തെലുങ്കിലെത്തുന്നത് ബാഹുബലി സീരീസിലൂടെ ആരാധകരെ സ്വന്തമാക്കിയ റാണാ ദുഗ്ഗുബട്ടിയാണ്. ഐശ്വര്യ രാജേഷാണ് റാണയുടെ നായികയാകുന്നത്.

സിതാര എന്റർടെയ്‌ൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഭാഷണ രചയിതാവ് ത്രിവിക്രമാണ്.

മലയാളത്തിൽ വിജയ് സേതുപതിയോടൊപ്പം 19/1- എ എന്ന ചിത്രം പൂർത്തിയാക്കിയ നിത്യയുടെ കോളാമ്പി റിലീസാകാനുണ്ട്.

തമിഴിൽ അപ്പാവിൻ മീശൈ എന്ന ചിത്രം പൂർത്തിയാക്കാനുണ്ട്. തെലുങ്കിൽ ഗമനം എന്ന ചിത്രത്തിൽ അതിഥി താരമായും നിത്യ പ്രത്യക്ഷപ്പെടുന്നുണ്ട്.

യശ്ശഃശരീരനായ സംവിധായകൻ ഐ.വി. ശശിയുടെ മകൻ അനി ഐ.വി. ശശി സംവിധായകനായി അരങ്ങേറിയ നിന്നില നിന്നില എന്ന തെലുങ്ക് ചിത്രമാണ് നിത്യയുടേതായി ഒടുവിൽ റിലീസ് ചെയ്തത്.