ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭാ കൗൺസിലർ വി.എസ്. നിതിനെ മർദ്ദിച്ചെന്ന പരാതിയിലെ ആരോപണ വിധേയനായ എസ്.ഐക്ക് കിളിമാനൂർ സ്റ്റേഷനിൽ ചാർജ് നൽകിയതിൽ സി.പി.എമ്മിനും ഡി.വൈ.എഫ്.ഐക്കും അമർഷം. ആറ്റിങ്ങൽ സ്റ്റേഷനിൽ ക്രൈം എസ്.ഐയായിരുന്ന ജ്യോതിഷിനെയാണ് കഴിഞ്ഞ ദിവസം കിളിമാനൂരിൽ നിയമിച്ചത്. പല തവണയായി ജനപ്രതിനിധികളോട് മോശമായി പെരുമാറിയ എസ്.ഐയെ കൂടുതൽ അധികാരങ്ങളോടെ നിയമിച്ചതിലാണ് സംഘടനകളുടെ പ്രതിഷേധം.
ജൂൺ 22ന് രാത്രി 8.30ന് ആറ്റിങ്ങൽ സ്റ്റേഷനിലാണ് പരാതിക്ക് ഇടയാക്കിയ സംഭവം നടന്നത്. പൊലീസ് പിടികൂടിയ കാളിവിളാകം സ്വദേശിയുടെ ബൈക്ക് പുറത്തിറക്കാനെത്തിയതായിരുന്നു പാർവതീപുരം വാർഡ് കൗൺസിലറായ നിതിൻ. എസ്.ഐ വി.എൻ. ജിബിയുമായി സംസാരിക്കുന്നതിനിടെ ഇവിടെയെത്തിയ ക്രൈം എസ്.ഐ ജ്യോതിഷ് വിഷയത്തിലിടപെടുകയും നിതിനെ ആക്ഷേപിച്ച് സംസാരിക്കുകയും മർദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതി. സംഭവത്തെ തുടർന്ന് സി.പി.എം,​ ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി. ഒ.എസ്. അംബിക എം.എൽ.എ,​ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി തുടങ്ങിയ ജനപ്രതിനിധികളും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ. രാമു,​ നഗരസഭാ മുൻ ചെയർമാൻ എം. പ്രദീപ് എന്നിവരുൾപ്പെട്ട നേതാക്കളും എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചിരുന്നു. നടപടിയുണ്ടാകുമെന്ന് ഉന്നത അധികൃതർ അറിയിച്ചതിനെ തുടർന്നാണ് അന്ന് പ്രതിഷേധം അവസാനിപ്പിച്ചത്.
ഇതിനുപിന്നാലെ കൗൺസിലറെ മർദ്ദിച്ച എസ്.ഐയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ആറ്റിങ്ങൽ നഗരസഭാ കൗൺസിൽ അടിയന്തര പ്രമേയം പാസാക്കി പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും അയച്ചു. നടപടി ഉണ്ടാകുമെന്ന് പൊലീസ് മേധാവിയും നഗരസഭയ്ക്ക് അറിയിപ്പ് നൽകി. തുടർന്ന് എസ്.ഐയെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ദിവസങ്ങൾക്കകം വർക്കലയിലും തുടർന്ന് കിളിമാനൂരിലും നിയമനം നൽകിയത് ജനപ്രതിനിധികളെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് ആക്ഷേപം. എസ്.ഐ ജ്യോതിഷിനെതിരെ നിരവധി ജനപ്രതിനിധികൾ പരാതി നൽകിയതായി സൂചനയൂണ്ട്. ഉന്നത പൊലീസ് അധികൃതർ എസ്.ഐക്ക് അനുകൂലമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.
സംഭവത്തിൽ സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ചില ഡി.വൈ.എഫ്.ഐ പ്രവർത്തകർ രാജിക്ക് ഒരുങ്ങിയെന്നും വിവരമുണ്ട്. സി.പി.എമ്മിലെ ചില ഉന്നതരും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും ചേർന്നാണ് എസ്.ഐയെ സംരക്ഷിക്കുന്നതെന്നാണ് അറിയുന്നത്.