നെടുമങ്ങാട്: വ്യത്യസ്തയിനം നാളികേരക്കുലകളുടെ പ്രദർശന മികവുമായി 'കേരഗ്രാമം'പദ്ധതിക്ക് ആനാട് ഗ്രാമപഞ്ചായത്തിൽ ആവേശകരമായ തുടക്കം.250 ഹെക്ടർ പ്രദേശം തിരഞ്ഞെടുത്ത് സംസ്ഥാന കൃഷി വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. രോഗം ബാധിച്ചതും കായ്ഫലം കുറഞ്ഞതും പ്രായാധിക്യമുള്ളതുമായ തെങ്ങുകൾ മുറിച്ചുമാറ്റി പകരം ഗുണമേന്മയുള്ള തെങ്ങിൻതൈകൾ വച്ചുപിടിപ്പിക്കും. സബ്സിഡി നിരക്കിൽ കുമ്മായം, ജൈവവളം, രാസവളം, കീടനാശിനി എന്നിവ കർഷകർക്ക് ലഭ്യമാക്കും. ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിന് തെങ്ങിൻ തോപ്പുകളിൽ കിണർ, പമ്പ് സെറ്റ്, സൂക്ഷ്മ ജലസേചനം, മഴവെള്ള സംഭരണം, ജൈവവള നിർമ്മാണത്തിന് കമ്പോസ്റ്റ് യൂണിറ്റുകൾ, തെങ്ങുകയറ്റ യന്ത്രങ്ങൾ എന്നിവ സബ്സിഡി നിരക്കിൽ ലഭ്യമാക്കും. ഇടവിളകൃഷി പ്രോത്സാഹിപ്പിച്ച് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും ലക്ഷ്യമുണ്ട്. തെങ്ങുകൃഷിക്ക് പേര് കേട്ടിരുന്ന ആനാട്ട് നിലവിൽ നാമമാത്രമായ കൃഷിയാണുള്ളത്. പരമ്പരാഗത കർഷകരുടെ ആവശ്യവും സാദ്ധ്യതകളും തിരിച്ചറിഞ്ഞ് അഡ്വ. ഡി.കെ. മുരളി എം.എൽ.എയാണ് കേരഗ്രാമം പദ്ധതിയിൽ ആനാടിനെ ഉൾപ്പെടുത്തിയത്.
ഓരോ പ്രദേശത്തിനും യോജിച്ച രീതി അവലംബിക്കും : മന്ത്രി പി. പ്രസാദ്
ഓരോ കേരഗ്രാമത്തിലും അതത് പ്രദേശത്തിന് അനുയോജ്യമായ തെങ്ങുകൃഷി പരിപാലനത്തിനുള്ള വിവിധ പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. ആനാട്ട് കേരഗ്രാമം പദ്ധതിയുടെ ഉദ്‌ഘാടനം ഭദ്രദീപം തെളിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ കുമാരി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് വി.അമ്പിളി, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ വേങ്കവിള സജി, എസ്.റീന, ചിത്രലേഖ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോർജ് അലക്‌സാണ്ടർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രേമവല്ലി, ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് കെ.രാജേന്ദ്രൻ, പി.എസ്.ഷൗക്കത്ത്, ടി.പദ്മകുമാർ,എം.ജി ധനീഷ്, ഹുമയൂൺ കബീർ,കൃഷി ഓഫീസർ എസ്.ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
വേദിയിലെ ആദ്യ കർഷക സാന്നിദ്ധ്യമായി പുഷ്‌കരൻ നായർ
കൃഷി വകുപ്പിന്റെ എല്ലാ പരിപാടികളിലും പ്രദേശത്തെ ഒരു പ്രധാന കർഷകൻ ഉണ്ടാകുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് അറിയിച്ചതോടെ ഇത്തരത്തിൽ ആദരവ് ഏറ്റു വാങ്ങുന്ന സംസ്ഥാനത്തെ ആദ്യ കർഷകനായി മാറിയത് ആനാട് മണ്ണൂർക്കോണം റോഡരികത്തു വീട്ടിൽ കെ.പുഷ്‌കരൻ നായർ.എഴുപത്തിയൊന്നുകാരനായ പുഷ്‌കരൻ നായർ കഴിഞ്ഞ അഞ്ചര പതിറ്റാണ്ടായി പാടത്തും പറമ്പിലുമാണ്.തെങ്ങ്, വാഴ, വെറ്റില തുടങ്ങി തീറ്റപ്പുൽ കൃഷി വരെയുണ്ട് ഈ കർഷകന്റെ കൃഷിയിടങ്ങളിൽ. പാട്ടത്തിനെടുത്ത സ്ഥലത്താണ് പ്രതികൂലകാലാവസ്ഥയിലും ഈ കർഷകൻ നൂറുമേനി വിളയിയ്ക്കുന്നത്.വേദിയിൽ പുഷ്‌ക്കരൻ നായരെ അടുത്തിരുത്തി കൃഷി രീതികളെപ്പറ്റി മന്ത്രി വിശദമായി ചോദിച്ചറിഞ്ഞു. ഇത്തരത്തിൽ ഒരു ആദരം തനിക്ക് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പുഷ്‌കരൻ നായർ പറഞ്ഞു.