കാട്ടാക്കട: ഹെർപിസ് വൈറസ് ബാധയേറ്റ് കോട്ടൂർ ആനപരിപാലന കേന്ദ്രത്തിലെ കുട്ടിക്കൊമ്പൻ അർജുനും ചരിഞ്ഞു. നാലു വയസായ അർജുൻ ഇന്നലെ പുലർച്ചെയാണ് ചരിഞ്ഞത്. വൈറസ് ബാധയേറ്റ് ചരിഞ്ഞ ആനക്കുട്ടികളുടെ എണ്ണം ഇതോടെ രണ്ടായി.
ആറുമാസം പ്രായമുള്ളപ്പോഴാണ് പാലക്കാട് മണ്ണാർക്കാട് കോളനിയിൽ നിന്ന് കുട്ടിക്കൊമ്പനെ 2018ൽ കോട്ടൂരിലെത്തിച്ചത്. ദിവസങ്ങൾക്ക് മുമ്പ് എലിഫന്റ് എൻഡ്രോതെലിയോട്രോപ്പിക്ക് ഹെർപിസ് വൈറസ് ബാധയേറ്റു ശ്രീക്കുട്ടി എന്ന കുട്ടിയാന ചരിഞ്ഞിരുന്നു. ആന്തരിക അവയവ പരിശോധന ഉൾപ്പടെ നടത്തിയാണ് 12 വയസിന് താഴെയുള്ള ആനകൾക്ക് പിടിപെടുന്ന ഗുരുതര വൈറസ് ബാധയാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആനകളെ നിരീക്ഷണത്തിലാക്കി പ്രതിരോധ മരുന്നുകൾ നൽകി വരികയായിരുന്നു. ഇതിനിടെ കണ്ണൻ, ആമിന എന്നീ ആനക്കുട്ടികൾക്കും വൈറസ് ബാധയേറ്റെങ്കിലും കൃത്യമായ പരിചരണം നൽകി ഭേദപ്പെട്ടുവരികയാണ്. ഇതിനിടെയാണ് തിങ്കളാഴ്ച രാത്രിയോടെ അർജുൻ ചരിഞ്ഞത്. ശ്രീക്കുട്ടി ചരിഞ്ഞപ്പോൾ നടത്തിയ പരിശോധനയിൽ അർജുൻ രോഗം സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം അസ്വസ്ഥത കാണിക്കുകയും ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്‌തിരുന്നു.
രാവിലെ വനം സി.സി.എഫ് ബെന്നിച്ചൻ തോമസ്, വൈൽഡ് ലൈഫ് വാർഡൻ ജെ.ആർ. അനി,എന്നിവർ സ്ഥലത്തെത്തുകയും റെയിഞ്ച് ഓഫിസർ സുധീർ, ഡെപ്യൂട്ടി റെയിഞ്ചർ രഞ്ജിത് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിക്കുകയും ചെയ്തു. വാലിപ്പാറക്ക് സമീപമാണ് നടപടികൾ പൂർത്തിയാക്കിയത്.
വൈറസ് അതീവ ഗുരുതരം
കാട്ടാക്കട: കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ രണ്ട് ആനക്കുട്ടികൾ വൈറസ് ബാധിച്ച് മരിച്ച സംഭവം അതീവ ഗുരുതരമാണെന്ന് സി.സി.എഫ് ബെന്നിച്ചൻ തോമസ് പറഞ്ഞു. കോട്ടൂരിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 12 വയസിൽ താഴെയുള്ള ആനക്കുട്ടികളിൽ കാണുന്ന വൈറസ് ബാധ അതീവ ഗുരുതരാവസ്ഥയിലുള്ളതാണ്. വൈറസ് ബാധയേറ്റാൽ 15ശതമാനമാണ് രക്ഷപ്പെടാൻ സാദ്ധ്യതയുള്ളത്..
ആനകൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ അഞ്ച് ഡോക്ടർമാരെ ആനകളുടെ പരിചരണത്തിനും മറ്റുമായി നിയോഗിച്ചിട്ടുണ്ടെന്നും സി.സി.എഫ് അറിയിച്ചു.