പാറശാല: മലയാളിമണ്ണിൽ അന്യം നിന്നുപോകുന്ന പരമ്പരാഗത വ്യവസായങ്ങളുടെ പട്ടികയിൽ കളിമണ്ണും ഉൾപ്പെടുമ്പോൾ നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ ഇന്നും ഇവ തുടരുകയാണ്. കളിമൺപാത്രങ്ങൾ, ചുടുകല്ല്, മേച്ചിൽ ഓട്, തറയോട്, അടുപ്പുകൾ, ചെടിച്ചട്ടികൾ തുടങ്ങി കളിമൺ ഉത്പന്നങ്ങൾ ഇപ്പോൾ അന്യ സംസ്ഥനങ്ങളിൽ നിന്നും വരുത്തേണ്ട അവസ്ഥ. ഇവ നിർമ്മിച്ചിരുന്ന നമ്മുടെ തൊഴിലാളികൾ കുടുംബം പോറ്റാൻ മറ്റ് തൊഴിലുകൾ തേടിപ്പോയി. പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കാൻ സർക്കാർ പല നടപടികളും സ്വീകരിക്കുന്നുണ്ടെങ്കിലും ഈ മേഖലെയെ സംരക്ഷിക്കാൻ പ്രത്യേകിച്ചൊന്നും തന്നെയില്ല. ഇതും കളിമൺ നിർമ്മാണമേഖലയുടെ തകർച്ചയ്ക്ക് കാരണമാകുന്നുണ്ട്.
നെയ്യാറ്റിൻകര താലൂക്കിൽ കളിമൺ വ്യവസായവുമായി ബന്ധപ്പെട്ട് സഹകരണ സംഘങ്ങൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളാണ് പ്രവർത്തിച്ചുവന്നിരുന്നത്. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് അത്താണിയായിരുന്ന കളിമൺ വ്യവസായത്തിലെ വിരലിലെണ്ണാവുന്നവ മാത്രമാണ് ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നത്. ജില്ലയിലെ ഏക ഓട് ഫാക്ടറിയായ അമരവിള ചുടുകൽ നിർമ്മാണ സഹകരണ സംഘവും ഇതിൽ ഉൾപ്പെടുന്നു. കളിമൺ വ്യവസായവുമായി ബന്ധപ്പെട്ട് നിരവധി സഹകരണ സംഘങ്ങൾ ഇവിടെ പ്രവർത്തിച്ചിരുന്നെങ്കിലും മിക്കതും അടച്ചുപൂട്ടി. നാമമാത്രയിലെങ്കിലും പ്രവർത്തിക്കുന്നവയാകട്ടെ തമിഴ്‌നാട്ടിൽ നിന്നും എത്തിക്കുന്ന ഉത്പന്നങ്ങളെ ആശ്രയിച്ചാണ്. തിരുനെൽവേലി ജില്ലയിൽ നിർമ്മിക്കുന്ന കളിമൺ പത്രങ്ങളും മറ്റും അതിർത്തിക്കിപ്പുറത്ത് കേരളത്തിൽ എത്തിച്ച ശേഷം ചെറിയ വാഹനങ്ങളിൽ മലയാളികളുടെ വീടുകളിൽ എത്തിച്ച് വിതരണം ചെയ്യുകയാണ് ഇപ്പോൾ നടന്നുവരുന്നത്.
പ്രകൃതിദത്തമായ കളിമൺ പാത്രങ്ങളുടെ ഉപയോഗം ആരോഗ്യത്തിന് ഗുണമാണെന്നിരിക്കെ ആധുനികതയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനുള്ള ശേഷി മൺപാത്രങ്ങൾക്കില്ലാതായി. ഇത് ഈ മേഖലയുടെ പിൻവാങ്ങലിന് കാരണമാകുന്നുണ്ട്. എന്നാൽ കളിമൺ പാത്രങ്ങളുടെ പരിശുദ്ധി തിരിച്ചറിഞ്ഞ ആയുർവേദ സമൂഹത്തിലെ പലരും ഇന്നും പിന്തുടരുന്നത് കളിമൺ പാത്രങ്ങളെ ആശ്രയിച്ചാണ്.
ആധുനികത വരുമ്പോൾ
ഹോളോ ബ്രിക്സിന്റെ വരവോടെ ചുടുകല്ലിനെയും, അലൂമിനിയം ഷീറ്റുകളുടെ വരവോടെ മേച്ചിൽ ഓടിനെയും, ആധുനിക ടൈൽസും ഗ്രാനൈറ്റും എത്തിയതോടെ തറ ഓടുകളെയും, വീടുകളിൽ അടുപ്പുകൾ ഇല്ലാതായതോടെ കളിമൺ അടുപ്പകളെയും അകറ്റി. അവയ്ക്ക് വിപണികൾ ഇല്ലാതായതോടെ നിർമ്മാണവും നിലച്ചു. കേരളത്തിൽ പ്രവർത്തിച്ചിരുന്നതായ ഓട് ഫാക്ടറികളും ചുടുകൾ ഫാക്ടറികളും കളിമൺ പാത്ര നിർമ്മാണ സഹകരണ സംഘങ്ങളെല്ലാം അടച്ചുപൂട്ടിയെങ്കിലും ഇത്തരം വ്യവസായം തമിഴ്‌നാട്ടിൽ ഇന്നും നല്ലവണ്ണം പ്രവർത്തിക്കുന്നു.
വെല്ലുവിളികൾ
കഠിനാദ്ധ്വാനത്തിന് അർഹിക്കുന്ന കൂലി ഉറപ്പാക്കാൻ കഴിയുന്നില്ല
അവശ്യം വേണ്ട കളിമണ്ണ് ഖനനം നടത്തുന്നതിനോ സംഭരിക്കുന്നതിനോ അനുവാദമില്ല
കൂലിയിലെ വർദ്ധന, വിറകിന്റെ ലഭ്യതക്കുറവ്, ഉത്പന്നങ്ങൾക്ക് അർഹിക്കുന്ന വില ലഭിക്കാത്തത്
പ്രതികരണം: പരമ്പരാഗത കളിമൺ വ്യസായത്തെ സമൂഹത്തിൽ സംരക്ഷിച്ച് നിറുത്തുന്നതിനും അവയുടെ പൈതൃകമായ അറിവുകൾ വരുംതലമുറയ്ക്ക് പകർന്നു നൽകുന്നതിനുമായി സർക്കാർ വേണ്ടത്ര പദ്ധതികൾ ആവിഷ്കരിക്കേണ്ടതാണ്.
വേളാർ സമുദായം, പാറശാല.
ഫോട്ടോ: തമിഴ്നാട്ടിൽ തിരുനെൽവേലി ജില്ലയിൽ നിർമ്മിക്കുന്ന കളിമൺ പാത്രങ്ങളും മറ്റും അതിർത്തിക്കിപ്പുറത്ത് പാറശാലയിലെ പ്രത്യേക കേന്ദ്രത്തിൽ എത്തിച്ച ശേഷം ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതിനായി അടുക്കി വച്ചിരിക്കുന്നു.