തിരുവനന്തപുരം: എയർഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ ഷാർജയിൽ നിന്ന് ജെൽ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 1.57കിലോഗ്രാം സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസും ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസും ചേർന്ന് പിടികൂടി. കോട്ടയം സ്വദേശി അനന്തു ശശി ഇരുന്ന സീറ്റിനടിയിൽ നിന്നാണ് സ്വർണ ജെൽ പിടിച്ചത്. ഇയാളിൽ നിന്ന് കൂടുതൽ വിവരം ശേഖരിക്കാനായി കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. പിടിച്ചെടുത്ത സ്വർണത്തിന് 75ലക്ഷം വിലയുണ്ട്.

ചെവ്വാഴ്ച പുലർച്ചെ എത്തിയ ഐ.എക്‌സ് 0536 വിമാനത്തിലെ യാത്രക്കാരനായിരുന്ന അനന്തു 1.9കിലോഗ്രം തൂക്കം വരുന്ന സ്വർണ മിശ്രിതം പ്രത്യേക തരം കവറിലാക്കി യാത്ര ചെയ്‌തിരുന്ന സീറ്റിനടിയിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. റബറുമായി കലർത്തിയുള്ള ഈ മിശ്രിതത്തിൽ നിന്നാണ് 1.57കിലോ സ്വർണം വേർതിരിച്ചെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് വിമാനം ലാൻഡ് ചെയ്തയുടനെ ഡി.ആർ.ഐ ഉദ്യോഗസ്ഥർ യാത്രക്കാരെ പരിശോധിച്ചപ്പോഴാണ് അനന്തുവിന്റെ സീറ്റിനടിയിൽ നിന്ന് സ്വർണം കണ്ടെടുത്തത്. സ്വർണം കസ്റ്റംസിന് കൈമാറി.

സീറ്റിനടിയിൽ ഉപേക്ഷിച്ച സ്വർണം ക്ലീനിംഗ് ജീവനക്കാരോ മറ്രോ പുറത്തെത്തിക്കും. ഇവിടെ നിന്ന് ഇൗ വിമാനം ആഭ്യന്തര സർവീസാണ്. ആ ലക്ഷ്യത്തിലെത്തുമ്പോഴാണോ സ്വ‌ർണം പുറത്തെത്തിക്കുകയെന്നും അന്വേഷിക്കുന്നുണ്ട്. ക്ലീനിംഗ് ജീവനക്കാരെ ഉപയോഗിച്ച് നേരത്തേ തിരുവനന്തപുരത്ത് വൻതോതിൽ സ്വർണക്കടത്ത് നടന്നിരുന്നു.

സ്വർണം ജെല്ലാക്കുന്ന ജാലവിദ്യ


## മെറ്റൽ ഡിറ്റക്ടറിൽ പിടിക്കപ്പെടാതിരിക്കാനാണ് സ്വർണം ജെല്ലാക്കി മാറ്റുന്നത്.
## സ്വർണം നൈട്രിക് ആസിഡിൽ ഇടുമ്പോൾ പൊടിയായി മാറും. ആസിഡ് നീക്കം ചെയ്ത് സ്വർണപ്പൊടി ഉണക്കിയെടുത്ത് റബ്ബറും രാസവസ്തുക്കളുമായും ചേർത്ത് കുഴച്ചെടുത്താണ് ജെൽ രൂപത്തിലാക്കുന്നത്.