kerala-womens-commission

തിരുവനന്തപുരം: സ്ത്രീസമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളിൽ ഇടപെട്ട് സാന്ത്വന പൂർണമായ പരിഹാര നിർദ്ദേശങ്ങളുമായി മുന്നോട്ടു പോകുകയാണ് സംസ്ഥാന വനിതാ കമ്മിഷൻ.

കേരളത്തിലെ വർദ്ധിച്ചു വരുന്ന വിവാഹ മോചനങ്ങൾ, വിവാഹേതര ബന്ധങ്ങൾ, ശിഥിലമാകുന്ന കുടുംബ ബന്ധങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലാണ് യുവതീയുവാക്കൾക്കായി വിവാഹപൂർവ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചുവരുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ നിരവധി ഗവേഷണ പഠനങ്ങൾ പൂർത്തിയാക്കാനും കഴിഞ്ഞു.

1996 മാർച്ച് 14നാണ് സുഗതകുമാരിയുടെ അദ്ധ്യക്ഷതയിൽ കമ്മിഷൻ രൂപീകരിക്കപ്പെട്ടത്. പരാതി പരിഹാരം, ബോധവത്കരണം എന്നീ സുപ്രധാനമായ പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ സ്ത്രീകളുടെ പദവി ഉയർത്തുന്നതിനും അവർക്കെതിരായി ഉണ്ടാകുന്ന നീതിരഹിതവും വിവേചനപരവുമായ നടപടികളിൽ ഇടപെട്ട് അവയ്ക്ക് പരിഹാരം കാണാനും വേണ്ട നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്കും സർക്കാരിനും ആവശ്യമായ ശുപാർശകൾ നൽകുകയെന്നതുമാണ് കമ്മിഷന്റെ ചുമതല.
തെറ്റിദ്ധാരണകളിൽപെട്ടും മദ്യാസക്തിയാലും കുടുംബബന്ധങ്ങളിലെ താളപ്പിഴകളാലും ശിഥിലമാകുമായിരുന്ന കുടുംബങ്ങളെ സ്‌നേഹപൂർണമായ ശാസനകളിലൂടെയും നിയമപരമായ മാർഗങ്ങളിലൂടെയും വിളക്കിച്ചേർക്കുകയാണ് വനിതാ കമ്മിഷൻ. പരാതികൾ അദാലത്തുകൾ നടത്തി സമയബന്ധിതമായി തീരുമാനമെടുക്കുന്നു. നിലവിലുള്ള കമ്മിഷന്റെ കാലയളവിലാണ് പരാതിക്കാർക്ക് സൗകര്യപൂർവം പരാതിനൽകുന്നതിനുള്ള കേന്ദ്രം കമ്മിഷൻ ആസ്ഥാനത്ത് ആരംഭിച്ചത്. കമ്മിഷന്റെ തെക്കൻ മേഖലാ ഓഫീസ് പ്രവർത്തനം ആരംഭിച്ചതും ഇതേ കാലയളവിലാണ്. കമ്മിഷന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ വിളംബരമായി ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
കഴിഞ്ഞ നാല് വർഷത്തിനിടയിൽ വിവിധ പദ്ധതികളിലായി 1738 ബോധവത്കരണ പരിപാടികൾ വനിതാ കമ്മിഷൻ സംഘടിപ്പിച്ചു. ഓരോ വർഷവും പതിനായിരത്തിലേറെപേർ ബോധവത്കരണ പരിപാടികളിൽ പങ്കാളികളാകുന്നുണ്ട്. സെമിനാറുകൾ, ജാഗ്രതാ സമിതി പരിശീലനം, വിവാഹ പൂർവ കൗൺസലിംഗ്, കലാലയ ജ്യോതി എന്നിങ്ങനെ വ്യത്യസ്ത പരിപാടികളാണ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള സ്ത്രീകൾക്കായി സംഘടിപ്പിച്ചുവരുന്നത്. കൊവിഡ് പ്രതികൂല സാഹചര്യമായിരുന്നിട്ടുകൂടി 2020- 21ൽ 117 സെമിനാറുകളും 48 ജാഗ്രതാ സമിതി പരിശീലനവും 22 വിവാഹപൂർവ കൗൺസലിംഗും 245 കലാലയജ്യോതി പരിപാടികളും ഉൾപ്പെടെ 432 പരിപാടികൾ സംഘടിപ്പിച്ചു.