തിരുവനന്തപുരം: മാനസികാരോഗ്യം വീണ്ടെടുത്ത് സാമൂഹിക ജീവിതത്തിലേക്ക് പ്രവേശിക്കാൻ പ്രാപ്തരായ ആറ് അന്യസംസ്ഥാനക്കാരെ സർക്കാർ സഹായത്തോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അവരുടെ നാട്ടിലേക്ക് തിരികെ എത്തിക്കുന്ന 'പ്രത്യാശ' പരിപാടിയുടെ ഉദ്ഘാടനം മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ഡി.കെ. മുരളി എം.എൽ.എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ. ഷൈലജാ ബീഗം, നഗരസഭ ഡെപ്യൂട്ടി മേയർ പി.കെ. രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എസ്. സുനിത, വി.ആർ. സലൂജ, എം. ജലീൽ, വിളപ്പിൽ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആർ. സുഭാഷ്, ആൻസജിത റസൽ, കെ. ഷീലാകുമാരി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഡി. രാജേഷ്, മോണിറ്ററിംഗ് കമ്മിറ്റി അംഗം അഡ്വ. സന്ധ്യ. ജെ, പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. അനിൽ കുമാർ, ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷൈനി, പ്രത്യാശ പുനരധിവാസ പദ്ധതി റിഹാബിലിറ്റേഷൻ കോ ഓർഡിനേറ്റർ ബിന്ദു സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ പഞ്ചായത്തിന്റെ സാമൂഹ്യസുരക്ഷാ സ്ഥാപനമായ വെഞ്ഞാറമൂട് ശ്രദ്ധ കെയർ ഹോം പുനരധിവാസ കേന്ദ്രത്തിലെ അംഗങ്ങളിൽ മാനസികരോഗം ഭേദമായ ബീഹാർ, ഉത്തർപ്രദേശ്, ജാർഖണ്ഡ് സ്വദേശികളായ ആറുപേരെയാണ് സ്വന്തം നാട്ടിലേക്ക് അയയ്ക്കുന്നത്.