നെടുമങ്ങാട്: നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സമ്പൂർണ ഓൺലൈൻ പഠനസൗകര്യമൊരുക്കാൻ മന്ത്രി ജി.ആർ. അനിൽ മുൻകൈ എടുത്ത് ബി.എസ്.എൻ.എൽ, കെ.എസ്.ഇ.ബി, വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ അവലോകനയോഗം വിളിച്ചുചേർത്തു. മൊബൈൽ സിഗ്നൽ കിട്ടാതെയും വൈദ്യുതി എത്താതെയും കുട്ടികളുടെ പഠനം മുടങ്ങുന്നത് സംബന്ധിച്ച് ഇക്കഴിഞ്ഞ 5 ന് 'മഴയത്ത് കുട കൂടിയും ഓൺലൈൻ പഠനം' എന്ന പേരിൽ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രിയുടെ അടിയന്തര ഇടപെടൽ. നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസം 100 ശതമാനവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. നെടുമങ്ങാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസിലാണ് യോഗം ചേർന്നത്. ഈ മാസം 20നകം പ്രശ്നം പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥർ മന്ത്രിക്ക് ഉറപ്പ് നൽകി.