പൂക്കൾ നിറഞ്ഞ താഴ്‌വരകൾ ഇഷ്ടമല്ലാത്തവരായി ആരാണുള്ളത്. കാഴ്ചയിൽ സ്വർഗം ഭൂമിയിലേക്കിറങ്ങി വന്ന പോലെ തോന്നും ഹിമാലയത്തിന്റെ താഴ്‌വരയിൽ മഞ്ഞുമൂടിയ അന്തരീക്ഷത്തിൽ വിവിധ വർണങ്ങളുടെ കുടചൂടി വ്യാപിച്ചു കിടക്കുന്ന ' വാലി ഒഫ് ഫ്ലവേഴ്സ് " നാഷണൽ പാർക്ക് കണ്ടാൽ.
കൊവിഡ് മഹാമാരിയ്ക്കിടെയിലും പ്രകൃതിയുടെ വർണ വിസ്മയങ്ങൾ തീർത്ത വാലി ഒഫ് ഫ്ലവേഴ്‌സിലേക്ക് സഞ്ചാരികൾക്കായുള്ള വാതിൽ തുറന്നിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടംനേടിയ വാലി ഒഫ് ഫ്ലവേഴ്സ് സ്ഥിതി ചെയ്യുന്നത്. വിവിധ നിറത്തിലെ അതിമനോഹരമായ പൂക്കൾ നിറഞ്ഞ ഈ താഴ്‌വരയിലേക്ക് ഇന്ത്യയ്ക്ക് അകത്തും പുറത്തും നിന്ന് നിരവധി സഞ്ചാരികളാണ് ഒഴുകിയെത്തിയിരുന്നത്. ഉത്തരാഖണ്ഡിലെ ടൂറിസം മേഖലയ്ക്ക് കൊവിഡ്ക്കാലം വരുത്തിവച്ച ആഘാതം മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് പുഷ്പവതി നദിയ്ക്ക് സമീപമുള്ള വാലി ഒഫ് ഫ്ലവേഴ്സിലേക്ക് സന്ദർശകരെ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്.
എല്ലാ വർഷവും ജൂൺ 1നാണ് വാലി ഒഫ് ഫ്ലവേഴ്സ് സഞ്ചാരികൾക്കായി തുറക്കുന്നത്. ഉത്തരാഖണ്ഡിൽ കൊവിഡ് കർഫ്യൂ നിലനിന്ന സാഹചര്യത്തിൽ ഇത്തവണ ഇത് ജൂലായ് 1ലേക്ക് മാറ്റുകയായിരുന്നു. അതേ സമയം, 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ളക്ക് മാത്രമാണ് പ്രവേശനം. സർക്കാർ മുന്നോട്ട് വച്ചിരിക്കുന്ന കൊവിഡ് മാനദണ്ഡങ്ങൾ സഞ്ചാരികൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ പറഞ്ഞു.
ആൽപൈൻ പുഷ്പങ്ങളാൽ വേറിട്ട് നിൽക്കുന്ന വാലി ഒഫ് ഫ്ലവേഴ്സിലെ മറ്റ് സസ്യജന്തുജാലങ്ങൾ വളരെ അപൂർവവും വൈവിധ്യമേറിയതുമാണ്. കസ്തൂരിമാൻ, ഹിമപ്പുലി, ചുവന്ന കുറുക്കൻ, പറക്കും അണ്ണാൻ, ഹിമാലയൻ കരടി തുടങ്ങിയ ഇനം ജീവികളെ ഇവിടെ കാണാൻ സാധിക്കും. സമുദ്രനിരപ്പിൽ നിന്ന് 6,234 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാലി ഒഫ് ഫ്ലവേഴ്സ് നന്ദാദേവി നാഷണൽ പാർക്കിൽ നിന്ന് 20 കിലോമീറ്റർ വടക്കുപടിഞ്ഞാറായിട്ടാണ് സ്ഥിതി ചെയ്യുന്നത്.
ഓർക്കിഡ്, പോപ്പി, പ്രിംറോസ്, ജമന്തി, ഡേയ്സി തുടങ്ങിയ 300 ലേറെ സ്പീഷീസ് പൂക്കളാൽ നിറഞ്ഞ് സ്വർഗീയ കാഴ്ചയൊരുക്കുന്ന വാലി ഒഫ് ഫ്ലവേഴ്സിൽ ഹിമാലയൻ നിരകളോട് ചേർന്ന് ബർച്, റോഡോഡെൻഡ്രോൺ, പൈൻ തുടങ്ങിയ വിവിധ മരങ്ങളാലും സുലഭമാണ്. നന്ദാദേവി ബയോസ്ഫിയർ റിസേർവിന്റെ പരിധിയിൽ വരുന്ന വാലി ഒഫ് ഫ്ലവേഴ്സ് 87 ചതുരശ്ര കിലേമീറ്ററിലധികം ഭൂപ്രദേശത്ത് വ്യാപിച്ചിരിക്കുന്നു.