പാറശാല: നിർമ്മൽ കൃഷ്ണ തട്ടിപ്പുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നിക്ഷേപകരിൽ നിന്ന് വീണ്ടും തെളിവുകൾ ശേഖരിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിർദ്ദേശപ്രകാരം കന്യാകുമാരി ജില്ലയിൽ നടന്ന പരാതി പരിഹാര അദാലത്തിലാണ് തട്ടിപ്പിന് വിധേയരായ 15 ഓളം നിക്ഷേപകരെ വിളിച്ചുവരുത്തി വിവരങ്ങൾ ആരാഞ്ഞത്.

തമിഴ്നാട്ടിലെ അന്വേഷണ ഏജൻസിയായ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തെ തുടർന്ന് 2017ൽ കോടതിയിൽ സമർപ്പിച്ചിട്ടുള്ള രേഖകളിൽ കേരളത്തിലെ കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകൾ ഉൾപ്പെടുത്തിയിട്ടില്ല എന്നതിന്റെ രേഖകളും നിക്ഷേപകർ അന്വേഷണ ഏജൻസിക്ക് കൈമാറി. തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കുന്നതാണെന്ന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈ.എസ്.പി നിക്ഷേപകർക്ക് ഉറപ്പ് നൽകിയതായും പറഞ്ഞു.