തിരുവനന്തപുരം: ജൂൺമാസത്തിൽ തകർത്തുപെയ്യേണ്ട മഴ ഇക്കുറി മാറി നിന്നത് സംസ്ഥാനത്തെ കൃഷിയേയും വൈദ്യുതി ഉത്പാദനത്തെയും പ്രതികൂലമായി ബാധിക്കും. ഇടവപ്പാതിയിലെ കനത്ത മഴ പ്രളയത്തിന് ഇടയാക്കുമെന്ന ആശങ്കയിൽ ജലനിരപ്പ് കുറച്ചുനിറുത്തിയ അണക്കെട്ടുകളിൽ ഇപ്പോൾ വെള്ളം തീരെ കുറഞ്ഞതാണ് തിരിച്ചടിയായത്. കാർഷിക വിപണി ഏറ്റവും സജീവമാകുന്ന ഓണക്കാലത്തേക്കുള്ള കൃഷി നടത്തുന്നത് ജൂണിലെ മഴയെ ആശ്രയിച്ചാണ്. ഓണക്കാലത്ത് ആവശ്യമായ പച്ചക്കറിയുടെ 80 ശതമാനവും സംസ്ഥാനത്തുതന്നെ ഉത്പാദിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. എന്നാൽ മഴയുടെ കുറവ് തിരിച്ചടിയാവും. അതേസമയം,​ കഴിഞ്ഞ രണ്ടു വർഷമായി ജൂൺ, ജൂലായ് മാസങ്ങളിൽ മഴ കുറയുകയും ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ കൂടുതൽ ലഭിക്കുകയുമാണ് ചെയ്യുന്നത്. ഇക്കുറിയും അത് ആവർത്തിക്കുമെന്നാണ് കാലാവസ്ഥാകേന്ദ്രം നൽകുന്ന സൂചന.

20 ലക്ഷം ടൺ

 വർഷത്തിൽ 20 ലക്ഷം ടൺ പച്ചക്കറിയാണ് സംസ്ഥാനത്തിന് ആവശ്യം.

 ഇതിൽ 60 ശതമാനവും ചെലവാകുന്നത് ഓണക്കാലത്ത്.

 ഈ സർക്കാർ വന്നശേഷം സംസ്ഥാനത്ത് പച്ചക്കറി ഉത്പാദനം 16 ലക്ഷം ടണ്ണായി ഉയർത്തി,

 നേരത്തെ ഇത് 8 ലക്ഷം ടണ്ണായിരുന്നു.

 മഴ കുറഞ്ഞതുകാരണം 12 ലക്ഷം ടണ്ണായി ഉത്പാദനം കുറയുമെന്ന് ആശങ്ക.

മഴകുറഞ്ഞ ജൂൺ

39 വർഷത്തിനിടയിൽ ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ ജൂൺ മാസമാണ് കടന്നുപോയത്. ഒന്നുമുതൽ 30വരെ പെയ്തത് 408.4 മില്ലിമീറ്റർ. കേരളത്തിൽ ജൂണിൽ ശരാശരി ലഭിക്കേണ്ടത് 643 മി.മീറ്റർ മഴ. ഇതിനു മുൻപ് 1983 (322. 8 മി.മീറ്റർ ),​ 2019 ( 358.5 മി.മീറ്റർ) വർഷങ്ങളിലാണ് ഏറ്റവും കുറവ് മഴ ജൂണിൽ ലഭിച്ചത്. 2013ൽ ആയിരുന്നു ജൂണിൽ ഏറ്റവും കൂടുതൽ മഴ കിട്ടിയത്- 1042. 7 മി.മീറ്റർ.