കാസർകോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടത്തിയ കടയടപ്പ് സമരം ജില്ലയിൽ ജനജീവിതത്തെ ബാധിച്ചു. ഹോട്ടലുകൾ ഉൾപ്പെടെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. കൊവിഡ് നിയന്ത്രണത്തിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നയങ്ങൾക്കെതിരെയാണ് വ്യാപാരികൾ സമരത്തിന് ഇറങ്ങിയത്. ആന്റിജൻ ടെസ്റ്റിനും, പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങിലും മാളുകളിലും ഗവ. സ്ഥാപനങ്ങളിലും, ബീവറേജ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലുള്ള തിരക്കുകളെ കണ്ടില്ലെന്ന് നടിച്ചു വ്യാപാരികളെ മാത്രം വേട്ടയാടുന്ന നയത്തിനെതിരെ ആയിരുന്നു സമരം.
കാസർകോട് കളക്‌ട്രേറ്റിന് സമീപം ബി.സി. റോഡ് ജംഗ്ഷനിൽ നടന്ന ഉപവാസ സമരം ജില്ലാ വൈസ് പ്രസിഡന്റ് പി.പി. മുസ്തഫയുടെ അദ്ധ്യക്ഷതയിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹംസ പാലക്കി മുഖ്യപ്രഭാഷണം നടത്തി. ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി നാരായണ പൂജാരി, ഗോൾഡ് സിൽവർ അസോസിയേഷൻ ജില്ലാപ്രസിഡന്റ് അബ്ദുൾ കരീം സിറ്റിഗോൾഡ്, സിമെന്റ് ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാപ്രസിഡന്റ് കെ. സുരേഷ്, ജില്ലാപഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീല അഹമ്മദ്, മൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അഷറഫ് നാൽത്തടുക്ക, എ.കെ.ഡി.എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. രാജൻ, വനിതാവിംഗ് ജില്ലാ വൈസ് പ്രസിഡന്റ് ചന്ദ്രാമണി, ജില്ലാഭാരവാഹികളായ ശങ്കരനാരായണമയ്യ, സി.എച്ച് ഷംസുദ്ദീൻ, ടി.എ. ഇല്ല്യാസ്, ഹരിഹരസുധൻ, ഷിഹാസ് ഉസ്മാൻ, ജി.എസ്. ശശിധരൻ, എം.പി. സുഹൈർ, സംസ്ഥാന പ്രവർത്തക സമിതി അംഗം എ.എ. അസീസ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ മുനീർ ബിസ്മില്ല, അഷ്‌റഫ് സുൽസൺ, റൗഫ് പള്ളിക്കാൽ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ. സജി സ്വാഗതവും, ജില്ലാ ട്രഷറർ മാഹിൻ കോളിക്കര നന്ദിയും പറഞ്ഞു. വിവിധ യൂണിറ്റികളിലെ ഭാരവാഹികൾ സംസാരിച്ചു. ഉപവാസ സമരം ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ ഇളനീർ നൽകി അവസാനിപ്പിച്ചു.