കൊവിഡ് മഹാമാരിയുടെ വരവ് സമൂഹത്തിന്റെ എല്ലാ മേഖലകളെയും ബാധിച്ചിരിക്കുകയാണ്. മുമ്പ് കണ്ടിട്ടില്ലാത്ത തരം അസാധാരണമായ സാഹചര്യത്തിലൂടെയാണ് വിപണി കടന്നു പോകുന്നത്. അതേ സമയം, കൊവിഡ് ലോക്ക്ഡൗണുകൾ കർഷകരെയും വ്യാപാരികളെയും പ്രതിസന്ധിയിലാക്കിയപ്പോൾ ഉത്തർപ്രദേശിലെ വാരണാസിയിലെ മാമ്പഴം, പച്ചക്കറി കയറ്റുമതിയിൽ കുത്തനെയുള്ള വർദ്ധനവാണുണ്ടായത്. കൊവിഡിനിടെയിലും ഇതാദ്യമായാണ് വാരണാസിയിലും സമീപപ്രദേശങ്ങളിൽ നിന്നും മാമ്പഴവും പച്ചക്കറിയും യൂറോപ്പിലേക്കും മിഡിൽഈസ്റ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നത്.
വാരണാസിയിലെ മാമ്പഴം ആഗോള വിപണിയിൽ താരമായിരിക്കുകയാണ്. മാമ്പഴത്തിന് പുറമേ ബ്ലാക്ക് റൈസ്, ചുരയ്ക്ക ഉൾപ്പെടെയുള്ള പച്ചക്കറികൾ എന്നിവയും അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റുമതി ചെയ്തിരുന്നു.
വാരണാസി മാമ്പഴങ്ങളുടെ രുചിയും സുഗന്ധവും ഉത്തരേന്ത്യയിൽ ഏറെ പ്രസിദ്ധമാണ്. വാരണാസിയിൽ നിന്ന് നേരിട്ട് മറ്റ് രാജ്യങ്ങളിലേക്ക് മാമ്പഴമടക്കമുള്ളവ കയറ്റുമതി ചെയ്യുന്ന രീതി കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്. കഴിഞ്ഞ വർഷം മാർച്ചിലെ ലോക്ക്ഡൗൺ കാലയളവ് മുതൽ വാരണാസിയിലെ പഴങ്ങളും പച്ചക്കറികളും കരമാർഗവും കടൽ മാർഗവും ആഗോള വിപണിയിലെത്തിച്ചിരുന്നു.
കഴിഞ്ഞ വർഷം കൊവിഡ് തരംഗത്തിനിടെ മേയിൽ മൂന്ന് മെട്രിക് ടൺ ബനാറസി, ലാംഗ്ര, ദസേരി എന്നീ മാമ്പഴ ഇനങ്ങൾ ദുബായിലേക്ക് കയറ്റുമതി ചെയ്തിരുന്നു. തൊട്ടുപിന്നാലെ ജൂണിൽ നേരത്തെ അയച്ച ഇനങ്ങൾക്ക് പുറമേ ചൗസ, രാംഖേദ ഇനങ്ങളുമായി 1.5 മെട്രിക് ടൺ മാമ്പഴം ലണ്ടനിലേക്ക് കയറ്റുമതി ചെയ്തിരുന്നു. കൂടാതെ 80 മെട്രിക് ടൺ ബ്ലാക്ക് റൈസ് ഓസ്ട്രേലിയ, ഖത്തർ എന്നിവിടങ്ങളിലേക്കും കയറ്റുമതി ചെയ്തിരുന്നു. വാരണാസിയിലെയും സമീപ ജില്ലകളിലെയും കർഷകരിൽ നിന്ന് സംഭരിച്ച 3 മെട്രിക് ടൺ ഗ്രീൻ പീസ്, വെള്ളരി തുടങ്ങിയവ ലണ്ടനിലേക്ക് കയറ്റുമതി ചെയ്തിരുന്നു.
2021 മാർച്ച് വരെ വാരണാസിയിൽ നിന്ന് കയറ്റുമതി ചെയ്തത് 48 മെട്രിക് ടൺ ഫ്രഷ് പച്ചക്കറികളും 10 മെട്രിക് ടൺ മാമ്പഴവുമാണ്.
വാരണാസിയിലെ ലാംഗ്ര മാമ്പഴും ബനാറസി ലാംഗ്ര എന്നും അറിയപ്പെടുന്നു. ഉത്തരേന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലും ഇവ കൃഷി ചെയ്യുന്നുണ്ട്. ജൂലായ് അവസാന ആഴ്ചകളിലാണ് വ്യാപകമായി ഇവ വിളവെടുക്കുന്നത്. 2006 മുതൽ അന്താരാഷ്ട്ര വിപണിയിൽ ഇവയ്ക്ക് ജനപ്രീതിയേറെയാണ്.