തിരുവനന്തപുരം: നഗരസഭയുടെ ജനകീയ ആസൂത്രണ പദ്ധതിയിൽ വ്യക്തിഗത ആനുകൂല്യം കൂട്ടത്തോടെ വെട്ടിക്കുറച്ചെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്ത്. വിഷയം ചർച്ച ചെയ്യാൻ സ്‌പെഷ്യൽ കൗൺസിൽ വിളിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ എം.ആർ. ഗോപൻ നൽകിയ കത്ത് മേയർ ആര്യാ രാജേന്ദ്രൻ അംഗീകരിച്ചു. വെള്ളിയാഴ്ച രാവിലെ 11നാണ് യോഗം.
2021 - 22ലെ ജനകീയ ആസൂത്രണ പദ്ധതി പ്രകാരം ഒരു വാർഡിൽ മേൽക്കൂര മാറ്റുന്നതിന് (ജനറൽ) രണ്ടും, വീട് വാസയോഗ്യമാക്കുന്നത് (ജനറൽ) അഞ്ച്, ഭവന നിർമാണത്തിന് വസ്തു വാങ്ങുന്നത് രണ്ട്, വീട് വാസയോഗ്യമാക്കൽ (ടി.എസ്.പി) രണ്ട്, പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി നിർമാണം ഒന്ന്, ലൈഫ് മിഷൻ പദ്ധതി പ്രകാരം സ്ഥലം വാങ്ങുന്നതിന് രണ്ട് എന്നിങ്ങനെയാണ് ഉപഭോക്താക്കളുടെ എണ്ണം അനുവദിച്ചിരുന്നത്.
ഓരോ വാർഡിലും 10,000 ത്തോളം പേർ ഉണ്ടായിരിക്കെ ഈ എണ്ണം അപര്യാപ്തമാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. 100ലധികം പേരാണ് വീട് വാസയോഗ്യമാക്കുന്നതിനുമായി ഓരോ വാർഡിലും അപേക്ഷ നൽകിയിട്ടുള്ളത്. ഈ ഘട്ടത്തിൽ രണ്ടും അഞ്ചും പേരെ കൗൺസിലർമാർ തിരഞ്ഞെടുക്കുന്നത് രാഷ്ട്രീയ ആരോപണങ്ങൾക്ക് വഴിവയ്ക്കും. മുൻ വർഷങ്ങളിൽ 10ഉം 15പേർക്കും നൽകിയ സ്ഥാനത്താണ് പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചതെന്നും ബി.ജെ.പി ആരോപിച്ചു.