aanappar

വിതുര: കൊവിഡ് രണ്ടാം വ്യാപനത്തിൽ വിതുര പഞ്ചായത്തിൽ ഏറ്റവുമധികം കൊവിഡ് രോഗികൾ ഉണ്ടായിരുന്ന ആനപ്പാറ വാർഡിൽ നടപ്പാക്കിയ പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കണ്ടു. രണ്ടാം തരംഗത്തിൽ ഇക്കഴിഞ്ഞ ജൂൺ 30 വരെ 153 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത വാർഡിൽ ഇപ്പോൾ പുതിയ കൊവിഡ് കേസുകൾ ഇല്ല. വാർഡിൽ ഉൾപ്പെടുന്ന രണ്ട് പട്ടികജാതി മേഖലകളിൽ ആദ്യ ഘട്ടം കൊവിഡ് പടർന്നു പിടിച്ചതാണ് രോഗികളുടെ എണ്ണം കൂടാൻ കാരണമായത്. ഇവിടെ നാൽപതോളം പേർക്ക് കൊവിഡ് പോസിറ്റീവായി. ആദ്യഘട്ടത്തിൽ രോഗവ്യാപനത്തിന്റെ ഗൗരവം ഉൾക്കൊണ്ട് അടിയന്തരമായി പരിശോധനാക്യാമ്പുകൾ സംഘടിപ്പിച്ചു.

തുടർന്ന് ജനങ്ങളിൽ കൃത്യമായ ബോധവത്കരണം നൽകാൻ കഴിഞ്ഞതും അനാവശ്യമായി പുറത്തിറങ്ങുന്നത് നിയന്ത്രിച്ചതും തുണയായി. പോസിറ്റീവായവർക്ക് കൃത്യമായ പരിചരണം നൽകാനായതും പ്രാഥമിക സമ്പർക്കമുള്ളവരെ കൃത്യമായി നിരീക്ഷിച്ചു വന്നതും നേട്ടമായി. പട്ടിക ജാതി മേഖലയിൽ മുഴുവൻ പേരും നെഗറ്റീവ് ആയപ്പോൾ വാർഡിലെ മറ്റ് പ്രദേശങ്ങളിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമുണ്ടായി.

 ലക്ഷ്യം കണ്ട് പ്രതരോധം

പഞ്ചായത്തിലെ മറ്റു പ്രദേശങ്ങളിൽ കൊവിഡ് കുറയുമ്പോഴും ആനപ്പാറയിൽ പോസിറ്റീവ് കേസുകൾ വർധിച്ച സാഹചര്യത്തിൽ പിന്നീട് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വന്നു. ജൂൺ 16 മുതൽ 30 വരെയുള്ള രണ്ടാഴ്ച വാർഡിൽ മാത്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഏറെ ഫലം കണ്ടു. ഈ നിയന്ത്രണ ദിവസങ്ങളിൽ പോസിറ്റീവ് കേസുകളുടെ എണ്ണം കുറഞ്ഞു വരികയും ചെയ്തു. പ്രതിരോധ പ്രവർത്തനങ്ങളിൽ ജൂലായ് ഒന്നു മുതൽ പ്രത്യേക നിയന്ത്രണങ്ങൾ ഒഴിവാക്കി പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള നിയന്ത്രണം മാത്രമേ വാർഡിലുള്ളൂ. കഴിഞ്ഞ പത്ത് ദിവസമായി വാർഡിൽ ഒരു പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. വാർഡംഗം വിഷ്ണു ആനപ്പാറയുടെ നേതൃത്വത്തിൽ നടന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ ഗ്രാമപഞ്ചായത്തും പൂർണ പിന്തുണ നൽകി.

-വിതുരയിൽ

പഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. നിലവിൽ 212 പേരാണ് ചികിത്സയിലുള്ളത്. നേരത്തേ കൊവിഡ് ബാധിതരുടെ എണ്ണം 500 കടന്നിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതിനെ തുടർന്ന് രോഗികളുടെ എണ്ണം 32 ആയി കുറഞ്ഞിരുന്നു. എന്നാൽ രണ്ടാഴ്ച കൊണ്ട് വീണ്ടും കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയായിരുന്നു. 17 ൽ 7 വാർ‌ഡുകളിൽ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് ചേന്നൻപാറ വാ‌ർഡിൽ ആണ്. 42 പേർ. വാർഡ് പൂർണമായും അടച്ചിട്ടിരിക്കുകയാണ്.

തൊളിക്കോട്

പഞ്ചായത്തിൽ 123 പേരാണ് ചികിത്സയിലുള്ളത്. പുളിച്ചാമല (22) പരപ്പാറ (23) തോട്ടുമുക്ക് (21) എന്നീ വാർഡുകളിലാണ് കൂടുതൽ പേർ ചികിത്സയിലുള്ളത്. ഇവിടെ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് ഉയർന്നിട്ടുണ്ട്. നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്.

വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം മുൻ നിറുത്തി പരിശോധകൾ ശക്തമാക്കും.

എസ്. ശ്രീജിത്ത്

വിതുര-സി.ഐ

എസ്.എൽ. സുധീഷ്

വിതുര -എസ്.ഐ

പടം

കൊവിഡ് വ്യാപിച്ചതിനെ തുടർന്ന് ആനപ്പാറ വാർഡിൽ വിതുര ഫയർഫോഴ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന അണുനശീകരണം