മലപ്പുറം: അപൂർവരോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിനെ രക്ഷിക്കാൻ പതിനായിരങ്ങളാണ് കൈകോർത്തത്. ഇക്കൂട്ടത്തിൽ ശ്രദ്ധേയനാകുകയാണ് നിലമ്പൂർ സ്വദേശിയായ പ്രവാസി വ്യവസായി. മഠത്തിൽ മുഹമ്മദ് ഷാജിയെന്ന ഈ മനുഷ്യന്റെ നേതൃത്വത്തിലുള്ള അബ്രക്കോ ഗ്രൂപ്പിലെ ജീവനക്കാരും മാനേജ്‌മെന്റും ഒറ്റദിവസംകൊണ്ട് സ്വരൂപിച്ചത് ഒരു കോടിയിലേറെ രൂപയാണ്. മുഹമ്മദിന്റെ ചികിത്സാസഹായനിധി അക്കൗണ്ട് അവസാനിപ്പിച്ചതോടെ ബാക്കി വന്ന 1.12 കോടി സ്‌പൈനൽ മസ്‌കുലാർ അട്രോഫിയെന്ന അസുഖം ബാധിച്ച മൂന്ന് കുട്ടികൾക്കായി കൊടുക്കും. ഈറോഡിലെ മൈത്ര, അങ്ങാടിപ്പുറത്തെ ഇമ്രാൻ മുഹമ്മദ്, ലക്ഷദ്വീപിലെ നാസറിന്റെ നാല് മാസം പ്രായമുള്ള മകൾ എന്നിവർക്കാണ് തുക വീതിച്ചുനൽകുകയെന്ന് ഷാജി പറഞ്ഞു.
മുഹമ്മദിന്റെ ചികിത്സാ സഹായത്തിനായി ജീവനക്കാരോട് സഹായം അഭ്യർഥിച്ച് തിങ്കളാഴ്ചയാണ് ഷാജി ഫേസ്ബുക്ക് വീഡിയോയിട്ടത്. ഇന്ത്യയ്ക്ക് പുറമെ ദുബായ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ 750ഓളം ജീവനക്കാർ അതേറ്റെടുത്തു. ആദ്യദിവസം സഹായനിധി അക്കൗണ്ടിലേക്ക് നേരിട്ട് പണം അയച്ചു. അത് എത്രയെന്ന് അറിയില്ല. അക്കൗണ്ട് അവസാനിപ്പിച്ചതോടെ പിരിച്ചെടുത്ത പണം ജീവനക്കാർ ഷാജിയെ ഏൽപ്പിക്കുകയായിരുന്നു.
ദുബായിയിലെ അബ്രക്കൊ ഗ്രൂപ്പ് ഓഫ് കമ്പനി സ്ഥാപകനും സി.ഇ.ഒയുമാണ് മുഹമ്മദ് ഷാജി. കണ്ടെയ്‌നർ ഷിപ്പിംഗ് മേഖലയിലും കറൻസി എക്‌സ്‌ചേഞ്ച് വിപണിയിലും വ്യാപിച്ചുകിടക്കുന്നതാണ് കമ്പനി. ജീവകാരുണ്യരംഗത്ത് സജീവ സാന്നിദ്ധ്യമാണ്. ലൂക്കാ സോക്കർ ക്ലബ്ബിന്റെ സഹ ഉടമയും ദുബായിൽ ചുവടുറപ്പിക്കുന്ന ടുഡോ മാർട്ടിന്റെ സ്ഥാപകനുമാണ്.