കിളിമാനൂർ: ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും പാർട്ടി പ്രവർത്തകരെ വിശ്വാസത്തിലെടുത്തും മുന്നോട്ടുപോയ നേതാവാണ് കെ. കരുണാകരനെന്ന് കെ. മുരളീധരൻ എം.പി. ലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ കിളിമാനൂരിൽ നടന്ന ഡിജിറ്റൽ വിദ്യാഭ്യാസ സഹായ പദ്ധതിയും ചികിത്സാധന സഹായവും പഠനോപകരണ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാം കൊവിഡ് വ്യാപനം തടയുന്നതിൽ പരാജയപ്പെട്ട ഗവൺമെന്റാണ് പിണറായി സർക്കാർ. ദുരിതം അനുഭവിക്കുന്നവർക്കിടയിൽ സഹായഹസ്തവുമായി കോൺഗ്രസ് പ്രവർത്തകർ ഇറങ്ങിച്ചെല്ലണമെന്നും കെ. മുരളീധരൻ പറഞ്ഞു.
ഡിജിറ്റൽ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ, പഠനോപകരണങ്ങൾ, ഭക്ഷ്യക്കിറ്റുകൾ, രോഗികൾക്കുള്ള ചികിത്സ സഹായധനം എന്നിവയുടെ വിതരണവും അദ്ദേഹം നിർവഹിച്ചു. കെ. കരുണാകരനെപ്പോലെ ദീർഘവീക്ഷണമുള്ള ഭരണാധികാരികളാണ് കേരളത്തിന് ആവശ്യമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ അടൂർ പ്രകാശ് എം.പി പറഞ്ഞു.
സർട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് പരീക്ഷയിൽ ലോകത്തിൽ ആദ്യ മികച്ച പത്ത് പെർഫോമേഴ്സിൽ ഒരാളും ഇന്ത്യയിലെ രണ്ട് റാങ്ക് ജേതാക്കളിൽ ഒരാളുമായ കിളിമാനൂർ കണ്ണൻ വിളയിൽ ചന്ദനാബോസിനെ ചടങ്ങിൽ ആദരിച്ചു. എൻ.ആർ. ജോഷി അദ്ധ്യക്ഷനായ ചടങ്ങിൽ എൻ. പീതാംബരക്കുറുപ്പ് എക്സ് എം.പി, കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്രപ്രസാദ്, എൻ. സുദർശനൻ, മഹേശ്വരൻ നായർ, സുഭാഷ്, പി. സൊണാൾജ്, ഗംഗാധര തിലകൻ, ടി.ആർ. മനോജ്, ഗിരികൃഷ്ണൻ, നളിനൻ തുടങ്ങിയവർ പങ്കെടുത്തു.