പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലുള്ള മാംസപേശികൾ, ഗ്രന്ഥികോശങ്ങൾ, മറ്റ് കോശങ്ങൾ ഇവയുടെ വളർച്ച കാരണമാണ് പ്രോസ്റ്റേറ്റ് വീക്കം അഥവാ ബി.പി.എച്ച് ഉണ്ടാകുന്നത്. പ്രോസ്റ്റേറ്റ് വീക്കം കാരണം മൂത്രതടസമുണ്ടാകുന്നു. ഇത്തരത്തിലുള്ള മൂത്രതടസം പ്രായം കൂടുന്നതിനനുസരിച്ച് വർദ്ധിക്കുകയും ചെയ്യുന്നു. 45നും 80നും ഇടയ്ക്ക് പ്രായമുള്ള പുരുഷന്മാരിൽ 90 ശതമാനം പേർക്കും പ്രോസ്റ്റേറ്റ് വീക്കം കാരണമുള്ള മൂത്രതടസമുണ്ടാകുന്നുണ്ട്. പ്രോസ്റ്റേറ്റ് വീക്കവും ലൈംഗികശേഷിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പ്രോസ്റ്റേറ്റ് വീക്കത്തിന്റെ സർജിക്കൽ ചികിത്സയുടെ പാർശ്വഫലമായി സ്‌ഖലനത്തിനുള്ള തകരാറ്, ലൈംഗികശേഷിക്കുറവ് മുതലായവ ഉണ്ടാകാം.
രോഗിയുടെ സമ്പൂർണമായ രോഗചരിത്രം ചോദിച്ചു മനസിലാക്കണം. മൂത്രപരിശോധന ആവശ്യമായി വരും. അനുബന്ധമായ മൂത്രരോഗാണുബാധ ഉണ്ടോയെന്ന് മനസിലാക്കാൻ ഇത് സഹായകരമാണ്. അൾട്രാസൗണ്ട് സ്‌കാൻ പരിശോധന വഴി മൂത്രസഞ്ചിയിൽ കെട്ടിനിൽക്കുന്ന മൂത്രത്തിന്റെ അളവ് പരിശോധിക്കുന്നത് രോഗത്തിന്റെ തീവ്രത മനസിലാക്കാൻ സഹായിക്കും. ഇത് കൂടിവരികയാണെങ്കിൽ സർജിക്കൽ ചികിത്സ വേണ്ടിവരും.
മൂത്രതടസത്തിന്റെ തീവ്രത മനസിലാക്കാനുള്ള മറ്റൊരു ഉപാധിയാണ് യൂറോഫ്ളോമെറ്റ്‌റി. മൂത്രതടസം കാരണം കത്തീറ്റർ വേണ്ടിവരുന്ന രോഗികൾക്ക് മൂത്രസഞ്ചിക്ക് സങ്കോചശക്തി കുറവായിരിക്കും. ഇത്തരം രോഗികൾക്ക് യൂറോഡയ്‌നാമിക് പരിശോധന രോഗ നിർണയത്തിന് സഹായകരമാണ്.
പ്രോസ്റ്റേറ്റ് വീക്കത്തിന്റെ അളവ് അൾട്രാസൗണ്ട് സ്‌കാനർ വഴി അറിയുന്നത് ഏതുതരം സർജിക്കൽ ചികിത്സയാണ് വേണ്ടതെന്നു തീരുമാനിക്കാൻ സഹായകരമാണ്.
പ്രോസ്റ്റേറ്റ് വീക്കം കാരണം ഉണ്ടാകുന്ന വൃക്ക പരാജയം, മൂത്രം ഒട്ടും പോകാതെ കെട്ടിനിൽക്കുക, ഇടവിട്ട മൂത്രരോഗാണുബാധ, മൂത്രസഞ്ചിയിലുള്ള കല്ലുകൾ, പ്രോസ്റ്റേറ്റ് വീക്കം കാരണമുള്ള അമിത രക്തപ്രവാഹം, പ്രോസ്റ്റേറ്റ് വീക്കത്തിനുള്ള മറ്റ് ചികിത്സാ മാർഗങ്ങൾ ഫലപ്രാപ്‌തിയിലെത്താതെ വരിക മുതലായ അവസ്ഥയിൽ സർജിക്കൽ ചികിത്സ വേണ്ടിവരും.
ടി.യു.ആർ.പി യാണ് പ്രോസ്റ്റേറ്റ് വീക്കത്തിനുള്ള സർജിക്കൽ ചികിത്സയുടെ ഗോൾഡ് സ്റ്റാൻഡേർഡ്. മോണോപോളാർ, ബൈ പോളാർ ടി.യു.ആർ.പി കളുണ്ട്. ബൈപോളാർ ടി.യു.ആർ.പിക്ക് പാർശ്വഫലങ്ങൾ കുറവാണ്. അതിനാൽ കൂടുതൽ സുരക്ഷിതവുമാണ്.
വളരെ വലിപ്പമേറിയ പ്രോസ്റ്റേറ്റ് വീക്കം തുറന്നുള്ള ശസ്ത്രക്രിയ, ലാപ്രോസ്കോപിക്, റൊബോട്ടിക്, ലേസർ എച്ച്.ഒ. എൽ.ഇ.പി ശസ്ത്രക്രിയ വഴി നീക്കം ചെയ്യാം.
വളരെ ചെറിയ പ്രോസ്റ്റേറ്റ് വീക്കം ടി.യു.ഐ.പി എന്ന ശസ്ത്രക്രിയാരീതി വഴി ചികിത്സിക്കാം. ബൈപോളാർ ടി.യു.ആർ.പി പ്രോസ്റ്റേറ്റ് വീക്കത്തിനുള്ള മറ്റൊരു ചികിത്സാരീതിയാണ്.
മറ്റൊരു സർജിക്കൽ ചികിത്സാരീതിയാണ് പി.വി.പി. പി.യു.എൽ, മൈക്രോവേവ് തെറാപ്പി, വാട്ടർ വേപർ തെർമൽ തെറാപ്പി മുതലായവ മറ്റു സർജിക്കൽ ചികിത്സാരീതികളാണ്.
ഹോൾമിയം, തൂളിയം മുതലായ ലേസർ ചികിത്സാരീതികൾ വളരെ വലിപ്പമേറിയ പ്രോസ്റ്റേറ്റ് വീക്കം നീക്കം ചെയ്യാൻ സഹായകരമാണ്. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ കഴിക്കുന്ന രോഗികളിൽ ഹോൾമിയം, തൂളിയം, ലേസർ ശസ്ത്രക്രിയ പ്രോസ്റ്റേറ്റ് വീക്കം നീക്കം ചെയ്യാൻ ഉപയോഗിക്കാം.