തലശ്ശേരി: ഹെർമൻ ഗുണ്ടർട്ടിന്റെ സ്മരണകളിരമ്പുന്ന ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് ബംഗ്ലാവ് ഇനി ചരിത്ര ഗവേഷകരുടേയും അക്ഷര സ്‌നേഹികളുടേയും കേന്ദ്രമാകും. സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതിയാണ് രണ്ടാംഘട്ട നവീകരണം നടപ്പാക്കുന്നത്. മലയാളത്തിലെ ആദ്യ വർത്തമാനപത്രവും നിഘണ്ടുവും മറ്റനേകം ചരിത്ര ഗ്രന്ഥങ്ങളും പിറന്ന ബംഗ്ലാവ് ഇതോടെ മലയാള ഭാഷയെയും സംസ്‌കാരത്തെയും മാദ്ധ്യമ ചരിത്രത്തെയും അടുത്തറിയാനുള്ള ഇടമായി മാറും. ഇതോടൊപ്പം ഇംഗ്ലീഷ്, ജർമ്മൻ തുടങ്ങിയ വിദേശ ഭാഷാ കുതുകികളായ ചരിത്ര വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടും.
'ഡിജിറ്റൽ ലാംഗ്വേജ് മ്യൂസിയം' എന്ന സ്വപ്ന പദ്ധതിയാണ് കോടികൾ ചിലവഴിച്ച് പൂർത്തിയാക്കുന്നത്.
ജർമനിയിലെ സർവകലാശാലകളുമായി ചേർന്ന് ഭാഷാ പഠനത്തിനും ഗവേഷണത്തിനും ഇവിടെ സൗകര്യവുമുണ്ടാവും. മൂന്നാം ഘട്ടത്തിൽ ബംഗ്ലാവ് വിവിധ ഭാഷാ പഠന ഗവേഷണ കേന്ദ്രമാകും. ഗുണ്ടർട്ടും ഭാര്യ ജൂലിയും 1839 മുതലാണ് നിട്ടൂർ ബംഗ്ലാവിൽ താമസിക്കാനെത്തിയത്. ബംഗ്ലാവിന്റെ വരാന്തയിലെ ചാരുകസേരയിൽ ഇരുന്നാണ് അദ്ദേഹം കേരളക്കരയിൽ മാത്രം ഒതുങ്ങി നിന്ന മലയാള ഭാഷയെ മലയാളം-ഇംഗ്ലീഷ് ഭാഷ നിഘണ്ടുവിലൂടെ ലോകത്തിന് പരിചയപ്പെടുത്തിയത് ' പഴയ ബംഗ്ലാവിന്റെ തനിമ നിലനിർത്തിയാണ് നവീകരണം.
സ്റ്റുഗർട്ടിൽ നിന്ന് ഗുണ്ടർട്ട് ബംഗ്ലാവിലേക്കായി രണ്ട് കോടിയിലേറെ വിലയുള്ള പുസ്തകങ്ങളാണ് എത്തിയത്. സ്സഗർട്ട് മീഡിയാ സർവകലാശാലയിലെ പ്രൊഫസറും മാദ്ധ്യമ പ്രവർത്തകയുമായ ഡോ. മേരി എലിസബത്ത് മുള്ളരുടെ ജിവിത സമ്പാദ്യമായ ഗ്രന്ഥശേഖരത്തിൽ നിന്നുള്ള പതിനായിരത്തിലേറെയുള്ള അപൂർവ്വ പുസ്തകങ്ങൾ ഇപ്പോൾ പൈതൃക പദ്ധതി ഓഫിസിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗുണ്ടർട്ട് ബംഗ്ലാവിന്റെ നവീകരണം പൂർത്തിയാവുന്നതോടെ ഇവ അവിടെയുള്ള മ്യൂസിയത്തിലേക്ക് മാറ്റും. ഗുണ്ടർട്ടിന്റെ നാട്ടിൽ നിന്നും തലശ്ശേരിക്ക് ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യമാണിത്. പുസ്തകങ്ങളോട് മലയാളി കാട്ടുന്ന സ്‌നേഹവികാരങ്ങൾ തൊട്ടറിഞ്ഞതോടെയാണ് ഡോ. മേരി എലിസബത്ത് മുളളർ താൻ ഹൃദയത്തോട് ചേർത്തുവെച്ച അമൂല്യവും അപൂർവവുമായ പുസ്തകങ്ങളത്രയും തലശ്ശേരിക്ക് സമ്മാനിച്ചത്. വിജ്ഞാനദാഹികളായ ചരിത്രവിദ്യാർത്ഥികൾക്ക് ഇത് പഠന ഗവേഷണങ്ങൾക്ക് ഏറെ പ്രയോജനപ്പെടും.
തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്ത് ഗുണ്ടർട്ടിന്റെ കൂറ്റൻ പ്രതിമയുണ്ട്. പിഞ്ചു കുഞ്ഞുങ്ങൾ ആദ്യാക്ഷരങ്ങൾ കുറിക്കുന്നത് ഈ പ്രതിമക്ക് കീഴെ ഇരുന്നാണ്. തലശ്ശേരി, മാഹി ടൗണുകളിൽ നിന്നുമുള്ള കലാസാംസ്‌ക്കാരിക പ്രതിഭകൾ ഗുണ്ടർട്ടിന്റെ നാടായ ജർമ്മനിയിലെ കൽവ് നഗരത്തിൽ അതിഥികളായെത്തുകയും കേരളീയ കലകൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഗുണ്ടർട്ടിന്റെ പിൻമുറക്കാർ തലശ്ശേരിയും, മാഹിയും സന്ദർശിക്കുക പതിവാണ്. ഗുണ്ടർട്ടിനെ മലയാളവും സംസ്‌കൃതവും വൈദ്യവും പഠിപ്പിച്ച ചൊക്ലി കവിയുരിലെ ഊരച്ചേരി ഭവനവും ഇവർ സന്ദർശിക്കാൻ മറക്കാറില്ല.