tree

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ കൂറ്റൻ തണൽ മരങ്ങൾ മുറിക്കാനും കുട്ടികളുടെ പാർക്ക് പൊളിച്ചുമാറ്റാനും നീക്കം. മരം മുറിക്കുന്നതിൽ നിന്നും പിന്തിരിയണമെന്നാണ് പരിസ്ഥിതി പ്രവർത്തകരടക്കമുളളവരുടെ ആവശ്യം. ആശുപത്രി ഒ.പി ബ്ലോക്കിന് മുൻവശത്തായി സ്ഥിതി ചെയ്യുന്ന അഞ്ചു തണൽ മരങ്ങളാണ് മുറിച്ചു മാറ്റാൻ നീക്കം നടക്കുന്നത്. കുട്ടികളുടെ പാർക്കിനോട് ചേർന്ന് രണ്ട് തണൽ മരങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ ജീവനക്കാരുടെ വാഹനങ്ങൾ പാ‌ർക്ക് ചെയ്യുന്നതിന് സ്ഥലം കണ്ടെത്താനാണെന്നാണ് ഈ മരങ്ങൾ മുറിച്ചുമാറ്റുന്നതെന്നും പരാതി ഉയരുന്നുണ്ട്. കഴിഞ്ഞ യു.ഡി.എഫ് നഗരസഭാ ഭരണകാലത്ത് മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റിയിരുന്നു. ആശുപത്രിയുടെ മുന്നിൽ തണലിനു വേണ്ടി നട്ടു വളർത്തിയ മരങ്ങളിപ്പോഴും നല്ല സ്ഥിതിയിലാണുളളത്. വൃക്ഷങ്ങൾ നിലനിൽക്കുന്നത് കാരണം ഇതുവരെയും കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടുമില്ല.

മരം മുറിക്കൽ വിവാദമായിരിക്കുന്ന സാഹചര്യത്തിൽ സർക്കാരിനെ ഇത് പ്രതികൂലമായി ബാധിക്കുമെന്നിരിക്കെയാണ് പുതിയ തീരുമാനം. അപകട സാദ്ധ്യത ഉണ്ടാകാതിരിക്കാൻ തണൽ മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റിയാൽ മതിയാകില്ലേയെന്നാണ് പരിസ്ഥിതി പ്രവർത്തകർ ആരായുന്നത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയുടെ പിറകിൽ പൊലീസ് സമുച്ചയത്തിന്റെ മുന്നിലായി അപകടാവസ്ഥയിൽ നിൽക്കുന്ന മരം മുറിച്ച് മാറ്റാൻ അധികൃതർ പരാതി നൽകിയിട്ടും മുറിക്കാതെ ശിഖരങ്ങൾ മാത്രം വെട്ടിയൊതുക്കിയ അധികൃതർ ആശുപത്രിയിലെ തണൽ മരം മുറിച്ചു മാറ്റാൻ തിടുക്കം കൂട്ടുന്നതിന് പിന്നിലെ കാരണങ്ങളന്വേഷിക്കണമെന്ന് വിവിധ റെസിഡന്റ്‌സ് അസോസിയേഷനുകളും ആവശ്യപ്പെട്ടു.

പ്രതികരണം-

1. ആശുപത്രി വളപ്പിലെ വൃക്ഷങ്ങൾ അപകടാവസ്ഥയിലല്ല സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് ശിഖരങ്ങൾ മുറിച്ച് മാറ്റി സംരക്ഷിക്കപ്പെടുകയാണ് വേണ്ടത്- അഡ്വ. വിനോദ് സെൻ, ഡി.സി.സി ജില്ലാ ജനറൽ സെക്രട്ടറി

2. ദുരന്തനിവാരണ സേനയുടെ നിർദ്ദേശമനുസരിച്ചാണ് മരങ്ങൾ വെട്ടിമാറ്റാൻ തീരുമാനിച്ചത്-ഡോ.വത്സല, നെയ്യാറ്റിൻകര ജനറൽ ആശുപത്രി സൂപ്രണ്ട്