prakashanandha

ബ്രഹ്മശ്രീ സ്വാമി പ്രകാശാനന്ദ ഗുരുദേവനിൽ സമർപ്പിതമായ സന്യാസ ജീവിതം നയിച്ച മഹാനുഭാവിയായിരുന്നു. ലാളിത്യം, കർമ്മകുശലത, ദീർഘവീക്ഷണം എന്നിവ ജീവിതചര്യയാക്കി തികച്ചും സന്യാസ ജീവിതം കാഴ്ചവച്ച സ്വാമികളുടെ ജീവിതം സന്യാസ സമൂഹത്തിന് ഒന്നടങ്കം മാതൃകയാണ്. ശിവഗിരി മഠത്തിന് തീരാനഷ്ടം തന്നെയാണ് സ്വാമികളുടെ സമാധി. 23- ാം വയസിലാണ് സ്വാമികൾ ശിവഗിരി മഠത്തിലെത്തുന്നത്. ശ്രീനാരായണ ഗുരുദേവനിൽ നിന്ന് സന്യാസദീക്ഷ സ്വീകരിച്ച ദിവ്യശ്രീ ശങ്കരാനന്ദ സ്വാമികളിൽ നിന്ന് ദീക്ഷ സ്വീകരിച്ചു. തികച്ചും ചൈതന്യവത്തായ സന്യാസിശ്രേഷ്ഠനായി മാറാൻ സ്വാമികൾക്ക് അധിക സമയം വേണ്ടിവന്നില്ല.

സ്വാമി പ്രകാശാനന്ദയുടെ ജീവിതം ത്യാഗനിർഭരമായിരുന്നു. പ്രതിസന്ധികളെ സന്യാസിയുടെ സമചിത്തതയോടെയും ശാന്തഭാവത്തിലും സ്വാമികൾ നേരിട്ടു. ഇൗ ലേഖകൻ ശിവഗിരിയിലെത്തിയ കാലത്ത് സ്വാമിജി മൗനവ്രതത്തിലായിരുന്നു. ഗുരുവിനോടുള്ള അചഞ്ചലമായ ഭക്തിയും സമർപ്പണവും കൊണ്ട് പലപ്പോഴും ബ്രഹ്മചാരികളായ ഞങ്ങളെ സ്വാമികൾ അദ്‌ഭുതപ്പെടുത്തിയിട്ടുണ്ട്. മൗനവ്രത കാലഘട്ടത്തിലും നിരവധി കാര്യങ്ങൾ സ്വാമികളിൽ നിന്ന് മനസ്സിലാക്കാൻ ശ്രമിച്ചു. സ്വാമികളുടെ കാലത്താണ് ബ്രഹ്മവിദ്യാലയം പ്രവർത്തനമാരംഭിച്ചത്. ശ്രീനാരായണ ഗുരുദേവന്റെ മതമഹാപാഠശാല എന്ന ആശയം മുൻനിറുത്തിയായിരുന്നു അത്. രണ്ടുതവണ സ്വാമികൾ ജനറൽ സെക്രട്ടറിയും രണ്ടു തവണ ധർമ്മസംഘം ട്രസ്റ്റ് അദ്ധ്യക്ഷനുമായി. ശിവഗിരി സംഭവം നടക്കുന്ന സമയം സ്വാമികൾ സെക്രട്ടേറിയറ്റ് പടിക്കൽ ഉപവാസമനുഷ്ഠിക്കുകയും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. സ്വാമിയുടെ ത്യാഗം ഇന്നും നമുക്ക് പ്രചോദനമാണ്.

വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു സ്വാമികൾ. ധർമ്മസംഘം ട്രസ്റ്റിന് കീഴിലുള്ള വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ വിദഗ്ദ്ധ പരിചരണത്തിലായിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ മുൻനിരയിലുണ്ടായിരുന്നു സ്വാമികൾ 35-ാം വയസിലാണ് സന്യാസ ദീക്ഷ സ്വീകരിക്കുന്നത്.

ശിവഗിരി മഠത്തെ ഒരു ആഗോള ആത്മീയ കേന്ദ്രമാക്കി മാറ്റാൻ നിർണായക പങ്ക് വഹിച്ചു. നീണ്ട ഒൻപത് വർഷം മൗനവ്രതത്തിൽ അമർന്നതിലൂടെ സന്യാസത്തിന്റെ കരുത്തും ഇച്ഛാശക്തിയും കാട്ടിത്തന്നു.

ശിവഗിരി തീർത്ഥാടനം പ്ലാറ്റിനം ആഘോഷവും ദൈവദശകം ശതാബ്ദി ആഘോഷവും എല്ലാം സ്വാമികളുടെ നേതൃത്വത്തിൽ നടന്നു.

ശ്രീനാരായണ ഗുരുദേവൻ വിഭാവനം ചെയ്ത മഹത്തായ ആശയങ്ങൾ പരിരക്ഷിക്കാനും പ്രചരിപ്പിക്കാനും ത്യാഗനിർഭരമായ ജീവിതം സമർപ്പിച്ച സ്വാമികളുടെ ഓർമ്മ ഭക്തമനസിൽ മായാതെ നിൽക്കും.

(ലേഖകൻ ശിവഗിരി മഠം ജനറൽ സെക്രട്ടറിയാണ് )