photo

പാലോട്: വാമനപുരം നദിയിലെ ചെല്ലഞ്ചിയാറ് മരണക്കെണിയാകുന്നു. കഴിഞ്ഞ ദിവസം മരിച്ച പുല്ലമ്പാറ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് സജിയാണ് ചങ്ങലയിലെ അവസാന കണ്ണി. മകനുമൊത്ത് നീന്തൽ പരിശീലനത്തിനെത്തി നിമിഷങ്ങൾക്കകമാണ് സജി മുങ്ങി മരിച്ചത്. സജിയുടെ മകനെ നാട്ടുകാർ രക്ഷപ്പെടുത്തി.

വർഷങ്ങൾക്ക് മുൻപ് വിവാഹത്തിൽ പങ്കെടുക്കാനെത്തിയവർ സഞ്ചരിച്ച വള്ളം മറിഞ്ഞ് മൂന്നു പേർ മരിച്ചിരുന്നു. ചെല്ലഞ്ചി പാല നിർമ്മാണത്തിനെത്തിയ നിർമ്മാണത്തൊഴിലാളിയും ഈ ആറ്റിൽ വീണു മരിച്ചിരുന്നു.

ശാന്തമായി ഒഴുകുന്ന ചെല്ലഞ്ചിയാറ്റിൽ മരണകയങ്ങൾ നിരവധിയാണ്. ഈ സ്ഥലത്തെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്നയാളും നീന്തലിൽ പരിശീലനം ലഭിച്ചിരുന്ന ആളുമായിരുന്നു കഴിഞ്ഞ ദിവസം മരിച്ച സജി. അപകടകരമായ കയങ്ങൾ നിരവധിയുണ്ടെങ്കിലും ഇവിടെ യാതൊരു മുന്നറിയിപ്പ് ബോർഡുകളും അധികാരികൾ സ്ഥാപിച്ചിട്ടില്ല.

ഈ അടുത്തിടെ കുളിക്കാനെത്തിയ രണ്ടു യുവാക്കൾ ഒഴുക്കിൽ പ്പെട്ടിരുന്നു. നാട്ടുകാരാണ് ഇവരെ രക്ഷപെടുത്തിയത്. പാലം കാണാനും കുളിക്കാനുമാണ് ആളുകൾ ഇവിടെ എത്തുന്നത്.

പാലോട്, പാങ്ങോട് പൊലീസ് സ്റ്റേഷനുകളുടെ അതിർത്തിയായാണ് ചെല്ലഞ്ചി പാലം സ്ഥിതി ചെയ്യുന്നത്. ഇത് പലപ്പോഴും പൊലീസ് സേവനം ലഭിക്കുന്നതിന് തടസമാകാറുണ്ട്

സൂക്ഷിക്കുക

സമീപത്ത് തന്നെയുള്ള മീൻമുട്ടി ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്ന സമയത്ത് ആറ്റിലെ ജലനിരപ്പ് ക്രമാതീതമായി കൂടും. ഒരു മണിക്കൂറോളം ഇത് തുടരും ഈ സമയം ഇതറിയാതെ എത്തുന്നവരാണ് അപകടത്തിൽപ്പെടുന്നതും മരണപ്പെടുന്നതും.

ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് നിയന്ത്രണം...വിനയായി

ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചതോടെയാണ് ചെല്ലഞ്ചിയിൽ സഞ്ചാരികൾ എത്തി തുടങ്ങിയത്. ഇവരിൽ പലരും അപകടത്തിൽപ്പെടുന്നതും പതിവാണ്. നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് പലർക്കും രക്ഷയായത്.

ബൈക്ക് റൈസിംഗ് അപകടം വിതയ്ക്കുന്നു

പുതിയതായി നിർമ്മിച്ച ചെല്ലഞ്ചി പാലത്തിൽ ബൈക്ക് റൈസിംഗിനെത്തുന്ന യുവാക്കൾ നാടിന് ഭീഷണിയാകുന്നു. മദ്യപിച്ചു കൊണ്ടുള്ള ബൈക്ക് റൈസിംഗിനിടയിൽ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്. അവധി ദിവസങ്ങളിൽ കല്ലറ, പാങ്ങോട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് നിരവധി യുവാക്കളാണ് ന്യൂജെൻ ബൈക്കുകളുമായി എത്തുന്നത്.

പാലത്തിനടിയിൽ തമ്പടിച്ച് മദ്യപിച്ചതിന് ശേഷമാണ് ഇവരുടെ അഭ്യാസപ്രകടനങ്ങൾ ആരംഭിക്കുന്നത്. അവധി ദിവസങ്ങളിൽ ധാരാളം പേർ സായാഹ്നം ചിലവഴിക്കാൻ കുടുംബസമേതം എത്താറുണ്ട്. ഇവരുടെ മുന്നിലാണ് ബൈക്ക് അഭ്യാസപ്രകടനങ്ങൾ. 150 അടി പൊക്കമുള്ള പാലത്തിന്റെ ചെറിയ കൈവരികളിലൂടെ നടന്ന് കൈയടി നേടുന്നതും ഇവരുടെ വിനോദമാണ്. ഒന്ന് കാലിടറിയാൽ കൂറ്റൻ പാറക്കെട്ടിലേക്ക് വീണ് അപകടം സംഭവിക്കുകയും ചെയ്യും. കല്ലറ സ്വദേശിയായ യുവാവ് ഇങ്ങനെ വീണ് ഗുരുതരാവസ്ഥയിൽ ഇന്നും ചികിത്സയിലാണ്.

പാലത്തിലുടെയുള്ള ബൈക്ക് റൈസിംഗും മദ്യപാനവും അവസാനിപ്പിക്കാൻ നടപടിയെടുക്കണം.

നാട്ടുകാർ