ആര്യനാട്: ആര്യനാട്ടെ ആസ്ഥാന പാചക വിദ്വാൻ ഓർമ്മയായി. ആര്യനാട് മുടുപ്പുരത്തട്ട് വീട്ടിൽ കെ. തുളസീധരൻ (85) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ആറ് പതിറ്റാണ്ടിലേറെയായി വിശേഷദിവസം വന്നാൽ ആര്യനാട്ടുകാർക്ക് ഭക്ഷണം വച്ചു വിളമ്പി നാവിൽ രുചിയുടെ രസതന്ത്രം രചിച്ചിരുന്നത് തുളസീധരനായിരുന്നു.

തുളസിയണ്ണന് സമയമില്ലെങ്കിൽ മാത്രമേ ആര്യനാട്ടുകാർ മറ്റ് പാചകക്കാരെ അന്വേഷിക്കൂ. അതും അദ്ദേഹത്തിന്റെ ശിഷ്യന്മാരെ മാത്രം മതി ആര്യനാട്ടുകാർക്ക്.

വീടുകളിലെ വിശേഷ ദിവസങ്ങളിലെ സദ്യ, വിവാഹം, മരണം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്കെല്ലാം തുളസീധരന്റെ കരസ്പർശമേൽക്കാത്ത ചടങ്ങുകൾ ഉണ്ടാകില്ല. ഊണ്, ഇഡ്ഡലിയും സാമ്പാറും, രസവും രസവടയും ഇദ്ദേഹത്തിന്റെ സ്പെഷ്യൽ ഇനമായിരുന്നു.

ഇദ്ദേഹത്തിന്റെ ഭക്ഷണം ഒരിക്കൽ രുചിച്ചാൽ പിന്നെ ഇതിന്റെ സ്വാദ് ആളുകളുടെ നാവിൻതുമ്പിൽ നിന്ന് മാറാതെ കിടക്കും. ആര്യനാടിന്റെ പാചക ആചാര്യനെയാണ് തുളസീധരന്റെ മരണത്തോടെ നഷ്ടമായിരിക്കുന്നത്. 85 വയസ് പിന്നിട്ടിരുന്നെങ്കിലും ശിഷ്യരുമൊത്ത് പാചകരംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു ഇദ്ദേഹം.

എപ്പോഴും നിറപുഞ്ചിരിയോടെ പ്രായഭേദമെന്യേ എല്ലാവരോടും ഒരേ മനസോടെയായിരുന്നു ഇദ്ദേഹത്തിന്റെ പെരുമാറ്റം. ഇദ്ദേഹത്തിന്റെ വേർപാടോടെ പതിറ്റാണ്ടുകളായി ആര്യനാട്ടെ പാചകരംഗത്തെ നിറസാന്നിദ്ധ്യമാണ് നഷ്ടമായിരിക്കുന്നത്.