തിരുവനന്തപുരം: കെ.എം. മാണിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചിട്ട് അതെല്ലാം യു.ഡി.എഫിനെ ലക്ഷ്യമിട്ടായിരുന്നുവെന്ന സി.പി.എമ്മിന്റെ വിശദീകരണത്തെക്കാൾ ഭേദം അദ്ദേഹത്തെ പുണ്യാളനായി പ്രഖ്യാപിച്ചാൽ മതിയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പത്രപ്രവർത്തക യൂണിയൻ നടത്തിയ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം. മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നത് തടഞ്ഞാണ് ഇടതുപക്ഷം നിയമസഭയിൽ കൈയാങ്കളി നടത്തിയത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ബഡ്ജറ്റ് അവതരിപ്പിച്ചാൽ പ്രശ്നമുണ്ടാക്കില്ലെന്ന് ഇടതുനേതാക്കൾ പറഞ്ഞത് സഭാരേഖയിലുണ്ട്.
മാണിക്ക് നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും അഴിമതിക്കാരനെ ബഡ്ജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞിട്ടിപ്പോൾ അദ്ദേഹം തെറ്റുകാരനല്ലെന്ന് വാദിക്കുമ്പോൾ സി.പി.എം സെക്രട്ടറി വിജയരാഘവന് പോലും ഉള്ളിൽ ചിരിവരുന്നുണ്ടാകും. കഴിഞ്ഞതെല്ലാം ആരെല്ലാം മറന്നാലും സ്വന്തം പിതാവിനെതിരെ നടന്നതൊന്നും ജോസ് കെ. മാണി മറക്കരുതായിരുന്നു. നാടുമുഴുവൻ കണ്ടുകൊണ്ടിരിക്കെ നിയമസഭയിൽ അക്രമം കാട്ടിയിട്ട് അതിനെ ന്യായീകരിക്കാൻ കോടതികൾ കയറിയിറങ്ങി വിമർശനം വാങ്ങുന്നത് അപഹാസ്യമാണ്.
എറണാകുളത്ത് പോക്സോകേസിലെ പ്രതിക്ക് വേണ്ടി വാദിക്കുന്നുവെന്ന് ആരോപിച്ച് മാത്യു കുഴൽനാടനെതിരെ സമരം നടത്തുന്നവർ ആദ്യം പോകേണ്ടത് വണ്ടിപ്പെരിയാറിൽ ഡി.വൈ.എഫ്.ഐ നേതാവ് ആറുവയസുകാരിയെ പീഡിപ്പിച്ചുകൊന്ന സ്ഥലത്തേക്കാണ്. രാഷ്ട്രീയ ഗൂഢാലോചനയിലൂടെ കോൺഗ്രസ് പ്രവർത്തകനെ പോക്സോ കേസിൽ കുടുക്കാൻ ശ്രമിച്ചതിനെതിരെയാണ് കുഴൽനാടൻ വാദിച്ചത്.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർദ്ധിച്ചുവരുന്ന അക്രമങ്ങളെ സർക്കാർ ഗൗരവത്തോടെ കാണണം. മരംമുറി കേസിൽ സത്യസന്ധമായി ഇടപെട്ട ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയും നിർബന്ധിത അവധിയിൽ വിട്ടും പീഡിപ്പിക്കുന്നത് സത്യത്തെ മറച്ചുവയ്ക്കാനുള്ള സർക്കാരിന്റെ നീക്കമാണ്. സ്വർണക്കടത്തും - കൊടകര കുഴൽപ്പണക്കേസും ഒത്തുതീർപ്പ് അന്വേഷണങ്ങളാണെന്നും സതീശൻ പറഞ്ഞു.