പൂവാർ: ടോക്കിയോ ഒളിമ്പിക്സ് യോഗ്യത നേടിയ അലക്സ് ആന്റണിയുടെ കുടുംബത്തിന് വീടും സ്ഥലവും അനുവദിക്കണമെന്ന് എം.വിൻസെന്റ് എം.എൽ.എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കോവളം നിയോജക മണ്ഡലത്തിലെ തീരദേശ ഗ്രാമമായ പുല്ലുവിളയിലെ മത്സ്യതൊഴിലാളി കുടുംബാഗമാണ് അലക്സ് ആന്റണി. മിക്സഡ് റിലേ വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന അലക്സ് കഷ്ടപ്പാടുകളോട് പടവെട്ടിയാണ് ഉയരങ്ങളിലെത്തിയത്. എന്നാൽ ഇപ്പോഴും ഈ കുടുംബം താമസിക്കുന്നത് വാസയോഗ്യമല്ലാത്ത വീട്ടിലാണ്. നാഷണൽ മീറ്റുകളിൽ സ്വർണവും വെങ്കലവും ഉൾപ്പെടെ നിരവധി മെഡലുകൾ നേടുകയും ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള ദേശീയ ടീമിലേക്ക് എത്തിപ്പെട്ടിട്ടും യുവാവിന് വാസയോഗ്യമായൊരു വീട് ഉറപ്പാക്കി നൽകേണ്ടത് കേരളത്തിന്റെ കടമയാണെന്നും ആയതിനാൽ അലക്സ് ആന്റണിക്കും കുടുംബത്തിനും വീടും സ്ഥലവും സർക്കാർ അനുവദിക്കണമെന്നും എം. വിൻസെന്റ് എം.എൽ.എ അഭ്യർത്ഥിച്ചു.