തിരുവനന്തപുരം: കൊവിഡ് മരണങ്ങളിൽ സംസ്ഥാന കൊവിഡ് എക്സ്പേർട്ട് കമ്മിറ്റിയും ഡെത്ത് ഓഡിറ്റ് കമ്മിറ്റിയും സ്വീകരിച്ച നടപടികളെകുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൊവിഡ് മരണം നിർണയിക്കുന്നത് സംബന്ധിച്ച് ലോകാരോഗ്യസംഘടനയും ഐ.സി.എം.ആറും മാർഗനിർദ്ദേശം നൽകിയിട്ടുണ്ട്. അത് പാലിക്കാതെ സംസ്ഥാനത്ത് കൊവിഡ് മരണം മറച്ചുവച്ച് ആശയകുഴപ്പമുണ്ടാക്കിയത് എന്തിനാണെന്ന് ജനങ്ങൾക്ക് അറിയണം. രക്ഷിതാക്കൾ കൊവിഡ് ബാധിച്ച് മരിച്ചാൽ കേന്ദ്രസർക്കാർ പത്തുലക്ഷം രൂപ കുടുംബത്തിന് നൽകും. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് സഹായം നൽകാൻ സുപ്രീം കോടതിയും നിർദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ അർഹരായവർക്ക് സഹായം കൂട്ടത്തോടെ നിഷേധിക്കപ്പെടുകയാണ്.
ഡിസംബർ വരെയുള്ള കൊവിഡ് മരണങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും പരാതിയുളളവർ സമീപിക്കണമെന്നുമുള്ള ആരോഗ്യമന്ത്രിയുടെ നിലപാടിൽ അവ്യക്തതയുണ്ട്. കളക്ടർമാർ വിചാരിച്ചാൽ പത്തുദിവസത്തിനുള്ളിൽ കൊവിഡ് മരണങ്ങളുടെ സമഗ്രവിവരം തയ്യാറാക്കാം. സർക്കാർ തയ്യാറായില്ലെങ്കിൽ പ്രതിപക്ഷം അതിന് മുൻകൈയെടുക്കും.
ലോക്ക് ഡൗൺ മൂലം പ്രയാസമനുഭവിക്കുന്നവർക്ക് സഹായം നൽകുന്നതിൽ ഇലക്‌ഷന് മുമ്പ് കാണിച്ച താത്പര്യം സർക്കാരിന് ഇപ്പോഴില്ല. ഒന്നാംലോക്ക് ഡൗണിൽ വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിക്കാനും ബാങ്കേഴ്സ് സമിതിയോഗം വിളിക്കാനും പിരിവുകളും തവണകളും നിറുത്തിവയ്ക്കാനും നിർദ്ദേശിച്ച സർക്കാർ ഇപ്പോൾ ഒന്നും ചെയ്യുന്നില്ല. തിരിച്ചടച്ചില്ലെങ്കിൽ സിബിൽ സ്കോർ വെട്ടികുറച്ച് ഒരിക്കലും വായ്പ കിട്ടാതിരിക്കാനുള്ള നടപടിയെടുക്കുമെന്ന് ബാങ്കുകൾ ഭീഷണിപ്പെടുത്തിയിട്ടും സർക്കാർ അനങ്ങുന്നില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.