നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ ഇടയ്ക്കോട്ടിൽ എസ്.എസ്.ഐയുടെ വീട് ആക്രമിച്ച സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റുചെയ്‌തു. കുഴിത്തുറ പാലവിള സ്വദേശി അരുണാണ് (26) പിടിയിലായത്. ഒളിവിൽപ്പോയ കൂട്ടുപ്രതി വിജയ്ലാലിനായി അന്വേഷണം ഊർജിതമാക്കി. കളിയിക്കാവിള എസ്.എസ്.ഐ സെലിൻകുമാറിന്റെ വീടിനു നേരെ കഴിഞ്ഞ മൂന്നിന് പുലർച്ചെയാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ പ്രതികൾ സി.സി ടിവി കാമറകൾ തകർത്ത ശേഷം ബൈക്കും കാറും പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നിർദ്ദേശപ്രകാരം തക്കല ഡി.എസ്.പി ഗണേശന്റെ നേതൃത്വത്തിൽ മൂന്ന് സ്‌പെഷ്യൽ ടീമുകൾ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. എസ്.ഐ ദിലീപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് അരുണിനെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്‌തു.

ആക്രമണത്തിലേക്ക് നയിച്ചത്

മുൻവൈരാഗ്യം

സെലിൻകുമാറിനോടുള്ള മുൻവൈരാഗ്യമാണ് വീട് ആക്രമിക്കാൻ കാരണമെന്ന് പിടിയിലായ അരുൺ പറഞ്ഞു. അരുണും വിജയ്ലാലും സുഹൃത്തുക്കളാണ്. വിജയ്ലാൽ 2013ൽ കഴുവൻത്തിട്ടയിൽ നടന്ന കൊലക്കേസിലെ പ്രതിയാണ്. അന്ന് വിജയ്ലാലിനെ അറസ്റ്റുചെയ്‌ത സ്‌പെഷ്യൽ ടീമിൽ സെലിൻകുമാറും ഉണ്ടായിരുന്നു. വിജയ്ലാലിന് കഞ്ചാവ് കച്ചവടം ഉണ്ടായിരുന്നതായി കണ്ടെത്തിയത് സെലിൻകുമാറാണ്. കളിയിക്കാവിള ഇൻസ്‌പെക്ടർ എഴിൽ അരസിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ കഴിഞ്ഞ മാസം 28ന് രാത്രി വിജയ്ലാലിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഇതിന്റെ വിരോധമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് അരുൺ പറഞ്ഞു.