saji-cheriyan

തിരുവനന്തപുരം: ഈ വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് തന്നെ നടത്താനാണ് ആലോചിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. അനശ്വര നടൻ സത്യന്റെ സ്മാരകമായി കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ നിർമ്മിച്ച ചലച്ചിത്ര അക്കാഡമിയുടെ ആസ്ഥാന മന്ദിരവും സെന്റർ ഫോർ ഇന്റർനാഷണൽ ഫിലിം റിസർച്ച് ആൻഡ് ആർക്കൈവ്സ് (സിഫ്ര) എന്ന ചലച്ചിത്ര ഗവേഷണ കേന്ദ്രവും സന്ദർശിക്കുകയായിരുന്നു മന്ത്രി. കൊവിഡ് സാഹചര്യത്തിൽ കഴിഞ്ഞ തവണ നാല് മേഖലകളിലായാണ് ചലച്ചിത്രമേള നടത്തിയത്.

സർക്കാർ നിയന്ത്രണത്തിൽ ഒ.ടി.ടി പ്ലാറ്റ്ഫോം ആരംഭിക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ല. കൊവിഡ് കാലത്തെ അസാധാരണ സാഹചര്യം മുൻനിറുത്തിയാണ് സർക്കാരിന് കീഴിൽ ഒ.ടി.ടി സംവിധാനം കൊണ്ടുവരാൻ തീരുമാനിച്ചത്. സിനിമകൾ തിയേറ്ററുകളിൽ തന്നെ വരണമെന്നാണ് താത്പര്യം. ആദ്യ പരിഗണന നൽകുന്നതും തിയേറ്ററുകൾക്കാകും. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കലാകാരൻമാരെ സഹായിക്കുക മാത്രമാണ് പദ്ധതിയുടെ ലക്ഷ്യം. സർക്കാർ നിയന്ത്രണത്തിൽ ഒ.ടി.ടി പ്ലാറ്റ്ഫോം തുടങ്ങുന്നത് തെറ്റാണെന്ന അഭിപ്രായവുമായി അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ളവരെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.

എല്ലാ തിയേറ്ററുകളും നവീകരിക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. തുടക്കമെന്ന നിലയിൽ സർക്കാർ തിയേറ്ററുകൾ ആധുനീകരിക്കും. ചിത്രാഞ്ജലിയെ ദക്ഷിണേന്ത്യയിലെ ഒന്നാം നമ്പർ സിനിമാ നിർമ്മാണ കേന്ദ്രമാക്കി മാറ്റാനും ആലോചിക്കുന്നുണ്ട്. സിനിമാമേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് ഹേമാ കമ്മിഷൻ സമർപ്പിച്ച ശുപാർശകൾ സർക്കാർ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, സെക്രട്ടറി സി.അജോയ്, വൈസ് ചെയർപേഴ്സൺ ബീനാപോൾ, ട്രഷറർ സന്തോഷ് ജേക്കബ് .കെ എന്നിവരും സന്നിഹിതരായിരുന്നു.