f

തിരുവനന്തപുരം: വ്യാജ യോഗ്യതാ വിവാദത്തിൽ ആരോപണ വിധേയനായ കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു ചാർജ്ജെടുത്ത ശേഷം ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐ.സി.എ.ആർ) അംഗീകാരം നഷ്ടമായത് സർവകലാശാലയിലെ 14 കോഴ്‌സുകൾക്ക്. ദേശീയ കാർഷിക വിദ്യാഭ്യാസ അക്രഡിറ്റേഷൻ ബോർഡിന് (എൻ.എ.ഇ.എ.ബി ) അക്രഡിറ്റേഷൻ പുതുക്കാനുള്ള അപേക്ഷ യഥാസമയം നൽകാത്തതിലൂടെ സർവകലാശാലയുടെ അക്രഡിറ്റേഷൻ പൂർണമായും നഷ്ടമായിരുന്നു. ഒരു വർഷത്തെ വികസന ഗ്രാന്റായി സർവകലാശാല ആവശ്യപ്പെട്ടിരുന്ന 91.47 കോടി രൂപയും ഇതോടെ നഷ്ടമായി.
അക്രഡിറ്റേഷൻ പുതുക്കാനുള്ള അപേക്ഷ ആറു മാസങ്ങൾക്ക് മുമ്പ് ലഭിച്ചിരിക്കണമെന്ന വ്യവസ്ഥ പാലിക്കാതെ കാലാവധി അവസാനിക്കുന്നതിന് 19 ദിവസം മുൻപ് മാത്രമാണ് ഇതുസംബന്ധിച്ച അപേക്ഷ നൽകിയത്. അപേക്ഷയിന്മേൽ നടത്തേണ്ട പരിശോധനകളടക്കം പൂർത്തീകരിക്കാനുള്ള സമയം ഐ.സി.എ.ആർ അധികൃതർക്ക് ലഭിക്കാതെ വന്നതോടെയാണ് അക്രഡിറ്റേഷൻ നഷ്ടമായത്. 2019 മാർച്ചിൽ ലഭിക്കേണ്ടിയിരുന്ന സർവകലാശാലയുടെ അക്രഡിറ്റേഷൻ 2020 സെപ്തംബർ മാസത്തിലാണ് ലഭിച്ചത്. പരിശോധനയിൽ 14 അക്കാ‌‌ഡമിക് പ്രോഗ്രാമുകൾക്കുള്ള അംഗീകാരം നഷ്ടപ്പെടുകയും ചെയ്തു. അക്രഡിറ്റേഷനിലാകട്ടെ ബി ഗ്രേഡ് മാത്രമാണ് സർവകലാശാലക്ക് ലഭിച്ചത്. കാർഷിക സർവകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര കോളേജ് ഒഫ് ബാങ്കിംഗ് ആൻഡ് കോ ഓപ്പറേഷൻ, വെള്ളാനിക്കരയിലെ ക്ളൈമറ്റ് ചെയ്ഞ്ച് അഡാപ്ഷൻ എഡ്യുക്കേഷൻ എന്നീ രണ്ടു കോളേജുകൾക്കും അക്രഡിറ്റേഷൻ നഷ്ടപ്പെട്ടു. അക്രഡിറ്റേഷൻ പുതുക്കാനുള്ള അപേക്ഷയോടൊപ്പം ബോർഡ് നിർദ്ദേശിക്കുന്ന നിബന്ധനകൾ പാലിച്ചുവെന്ന് റിപ്പോർട്ട് നൽകിയെങ്കിലും അവയൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് സി.എ.ജി പിന്നീട് കണ്ടെത്തിയിരുന്നു. കോളേജിൽ നിന്ന് പി.എച്ച്.ഡി നൽകുന്നതിനുള്ള അക്കാഡമിക് ആഡിറ്റ് നടത്താറില്ല, വാർഷിക അക്കാഡമിക് കലണ്ടർ കൃത്യമായി പ്രസിദ്ധീകരിക്കുന്നില്ല, പുതിയ കാർഷിക കോളേജുകൾ ആരംഭിക്കുന്നത് ഉൾപ്പടെയുള്ള ഡീൻസ് കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കിയിട്ടില്ല എന്നതടക്കം തുടങ്ങി നിരവധി ന്യൂനതകളാണ് സി.എ.ജി റിപ്പോർട്ടിലുള്ളത്.

വി.സിക്കെതിരെ പരാതിയുമായി അദ്ധ്യാപകരും വിദ്യാർത്ഥികളും

ബയോഡാറ്റയിൽ വ്യാജയോഗ്യത എഴുതിച്ചേർത്ത് ഡോ. ചന്ദ്രബാബു വി.സിയായി നിയമനം നേടിയെന്ന ആരോപണമുയർന്നതിനെ തുടർന്ന് കേരള കാർഷിക സർവകലാശാലയിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ജീവനക്കാരും വി.സിക്കെതിരെ പരാതി നൽകി. ചാൻസലറായ ഗവർണർ, മുഖ്യമന്ത്രി, പ്രോ വൈസ് ചാൻസലറായ കൃഷി മന്ത്രി എന്നിവർക്കാണ് പരാതി നൽകിയത്. വ്യാജ ബയോഡാറ്റയുണ്ടാക്കി സെലക്ഷൻ കമ്മിറ്റിയേയും ഗവർണറെയും കബളിപ്പിച്ച ഡോ. ചന്ദ്രബാബുവിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. നാലുമാസത്തിലൊരിക്കൽ കൂടേണ്ട ജനറൽ കൗൺസിൽ യോഗം വിളിച്ചു ചേർക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു. കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി ടീച്ചേഴ്സ് ഓർഗനൈസേഷൻ, യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷൻ, യൂണിവേഴ്‌സിറ്റി ഫാം വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു), എസ്.എഫ്.ഐ (കെ.എ.യു സബ് കമ്മിറ്റി ) ഭാരവാഹികളാണ് പരാതി നൽകിയത്. സർവകലാശാല മുൻ ഭരണസമിതി അംഗം വി.എസ്. സത്യശീലനും വി.സിക്കെതിരെ ഗവർണർക്ക് പരാതി നൽകിയിട്ടുണ്ട്.