sibi-mathews

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസ് പ്രത്യേക അന്വേഷണ സംഘം മുൻതലവനും ഗൂഢാലോചനക്കേസിലെ നാലാം പ്രതിയുമായ സിബി മാത്യൂസിന് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതികളായിരുന്ന മറിയം റഷീദയും ഫൗസിയ ഹസനും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹർജി നൽകി. ജൂലായ് 12ന് പരിഗണിക്കും. ഇതേ ആവശ്യമുന്നയിച്ച് നേരത്തെ നമ്പി നാരായണനും കോടതിയെ സമീപിച്ചിരുന്നു.

ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് സിബി മാത്യൂസും എസ്.വിജയനും കേസ് അന്വേഷിച്ചതെന്നും തങ്ങളെ അനാവശ്യമായി പീഡിപ്പിച്ചെന്നും മറിയം റഷീദയുടെയും ഫൗസിയ ഹസന്റെയും ഹർജിയിൽ പറയുന്നു. തങ്ങളെ അന്യായമായി കസ്റ്റഡിയിൽ എടുത്തപ്പോൾ വിദേശികൾക്കുളള സംരക്ഷണ ചട്ടം ലംഘിച്ചെന്നും കുറ്റപ്പെടുത്തുന്നു.

അന്നത്തെ സ്പെഷ്യൽ ബ്രാഞ്ച് സി.എെ ആയിരുന്ന എസ്. വിജയന്റെ ഇംഗിതത്തിന് വഴങ്ങാതിരുന്നതാണ് ചാരക്കേസിന് ഹേതുവായതെന്ന് മറിയം റഷീദ മുൻപ് സുപ്രീംകോടതിയിൽ സമർപ്പിച്ച നഷ്ടപരിഹാരക്കേസിൽ പറഞ്ഞിരുന്നു. ഇതേ വാദം തന്നെയാണ് ഇപ്പോഴത്തെ ഹർജിയിലും ഉന്നയിച്ചിരിക്കുന്നത്. സുപ്രീംകോടതി നിർദ്ദേശപ്രകാരം ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സി.ബി.എെ സംഘം സിബി മാത്യൂസ് അടക്കമുള്ളവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്താലെ കേസിലെ നിജസ്ഥിതി പുറത്ത് വരൂ എന്നാണ് മറിയം റഷീദയുടെയും ഫൗസിയ ഹസന്റെയും വാദം.