അഡിഷണൽ സെക്രട്ടറിയെ മാറ്രാൻ കത്ത് നൽകിയത് നാല് തവണ
തിരുവനന്തപുരം: ഇക്കഴിഞ്ഞ ചൊവ്വാഴ്ച കാർഷിക കടാശ്വാസ കമ്മിഷൻ സെക്രട്ടറിയായി സ്ഥലം മാറ്രപ്പെട്ട കോൺഗ്രസ് യൂണിയൻ നേതാവ് കൂടിയായ റവന്യു അഡിഷണൽ സെക്രട്ടറിയെ മുൻസർക്കാരിന്രെ കാലത്ത് റവന്യു വകുപ്പിൽ നിന്ന് മാറ്റാൻ അന്നത്തെ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ ശ്രമിച്ചിരുന്നുവെന്ന വിവരം പുറത്തുവന്നു. ഇദ്ദേഹത്തെ മാറ്റാൻ നാല് തവണയാണ് ചന്ദ്രശേഖരൻ പൊതുഭരണ വകുപ്പിന് കത്ത് നൽകിയത്. എന്നാൽ, തന്റെ സ്വാധീനമുപയോഗിച്ച് ആ നീക്കങ്ങളെ ഉദ്യോഗസ്ഥൻ തടയിട്ടു.
റവന്യു വകുപ്പിൽ ഖനനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അഡിഷണൽ സെക്രട്ടറി എന്ന നിലയിൽ കൈകാര്യം ചെയ്തിരുന്നത് ഇദ്ദേഹമായിരുന്നു. വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് അദാനി പോർട്ടിന് കരിങ്കല്ല് നൽകുന്ന കമ്പനികളുമായി ഇദ്ദേഹത്തിന്റെ ഭാര്യ ഡയറക്ടറായ കെ.കെ.റോക്ക്സ് എന്ന കമ്പനി ഇടപാട് നടത്തുന്നുണ്ടായിരുന്നു. ഇതിനായി തന്റെ ഒൗദ്യോഗിക പദവി ദുരുപയോഗപ്പെടുത്തുന്നു എന്ന ആരോപണത്തെ തുടർന്നായിരുന്നു സ്ഥലംമാറ്റാൻ അന്നത്തെ മന്ത്രി ശ്രമിച്ചത്. മരംമുറിക്കൽ വിവാദവുമായി ബന്ധപ്പെട്ട ഫയൽ വിവരം പുറത്തായതിന് പിന്നാലെയാണ് ഇദ്ദേഹത്തെ ഇപ്പോൾ സ്ഥലംമാറ്റിയത്.
തന്റെ കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി രേഖപ്പെടുത്തിയ അനുകൂലമല്ലാത്ത പരാമർശം അന്നത്തെ മന്ത്രി ശരിവച്ചപ്പോൾ അതുമായി ബന്ധപ്പെട്ട ഫയൽ ഈ ഉദ്യോഗസ്ഥൻതന്നെ മുക്കിയെന്നും ആരോപണമുണ്ട്.
നിർണായക വിവരങ്ങൾ മറച്ചുവച്ചെന്ന്
മരംമുറിക്കൽ ഉത്തരവ് ഇറക്കുന്നതുമായി ബന്ധപ്പെട്ട ഫയലിൽ നിന്ന് നിർണായക വിവരങ്ങൾ ചില ഉദ്യോഗസ്ഥർ മറച്ചുവച്ചു എന്ന ആക്ഷേപം ശക്തമായതോടെ അതേക്കുറിച്ച് അന്വേഷണം തുടങ്ങി. ഒരു ഉത്തരവ് പുറപ്പെടുവിക്കുമ്പോൾ അത് നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും കോടതി ഉത്തരവുകൾക്കും അനുസൃതമാണോ എന്ന് ഉറപ്പു വരുത്തേണ്ടത് ബന്ധപ്പെട്ട സെക്ഷൻ ഓഫീസറുടെയോ അണ്ടർ സെക്രട്ടറിയുടെയോ ചുമതലയാണെന്ന് സെക്രട്ടേറിയറ്ര് മാന്വൽ നിഷ്കർഷിക്കുന്നുണ്ട്. എന്നാൽ, ഇത്തരം കാര്യങ്ങളെല്ലാം മന്ത്രിയിൽ നിന്നും വകുപ്പ് സെക്രട്ടറിയിൽ നിന്നും ബോധപൂർവം മറച്ചുവയ്ക്കാൻ ശ്രമമുണ്ടായോ എന്ന കാര്യത്തിലാണ് അന്വേഷണം.